കൊളംബിയ, മേരിലാൻഡ് : പുതുതായി രൂപീകരിച്ച വേൾഡ് മലയാളി കൗൺസിൽ (WMC) ബാൾട്ടിമോർ പ്രവിശ്യ, മേരിലാൻഡിലെ കൊളംബിയയിലുള്ള ഇന്റർഫെയ്ത്ത് സെന്ററിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, അമേരിക്ക റീജിയൻ പ്രസിഡന്റ് ബ്ലെസൻ മണ്ണിൽ, സ്ഥാപക അംഗങ്ങളായ ഡോ. ജോർജ് ജേക്കബ്, ഡോ. മറിയാമ്മ ജേക്കബ്, ഫിലിപ്പ് മാരാട്ട്, തോമസ് മാത്യു എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി. ബാൾട്ടിമോർ പ്രവിശ്യ പ്രസിഡന്റ് ജിജോ ആലപ്പാട്ട്, ചെയർമാൻ വിജോയ് പട്ടമാടി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ജോസ്നി സക്കറിയ എംസിയായിരുന്നു.

പ്രസിഡന്റ് ജിജോ ആലപ്പാട്ട് സ്വാഗത പ്രസംഗം നടത്തി, തുടർന്ന് സീമ രാകേഷിന്റെ ഭരതനാട്യവും കുട്ടി മേനോന്റെ ശ്രുതിമധുരമായ പ്രകടനവും നടന്നു. ഡബ്ല്യുഎംസി യുഎസ്എ പ്രസിഡന്റ് ബ്ലെസ്സൻ മണ്ണിൽ സംഘടനയുടെ ലക്ഷ്യങ്ങൾ പങ്കുവച്ചു. വാഷിംഗ്ടൺ-ബാൾട്ടിമോർ കമ്മ്യൂണിറ്റി നേതാവായ ഡോ. മധുസൂദനൻ നമ്പ്യാർ, സ്റ്റീഫൻ ഫൗണ്ടേഷനിലൂടെ പ്രാദേശിക സംഘടനകൾ, മാധ്യമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ സംരംഭങ്ങൾ എന്നിവയിലെ ഡോ. ബാബു സ്റ്റീഫന്റെ മഹത്തായ സംഭാവനകളെ പരിചയപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. കരിയർ സപ്പോർട്ട്, വാഷിംഗ്ടൺ ഇന്റേൺഷിപ്പ് പ്രോഗ്രാം, ഫൊക്കാനയുമായുള്ള ആഗോള സംരംഭങ്ങൾ എന്നിവയിലെ ഡോ. സ്റ്റീഫന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഡോ. സ്റ്റീഫന്റെ കാഴ്ചപ്പാടും കഴിവും അനുഭവ പരിജ്ഞാനവും ഡബ്ല്യുഎംസിയെ പുതിയ ലക്ഷ്യബോധത്തിലേക്ക് എത്തിക്കും. ലോകമെമ്പാടുമുള്ള മലയാളികളെ അദ്ധേഹം ഒന്നിപ്പിക്കുമെന്നും, വളർച്ചയ്ക്കുള്ള അവസരങ്ങൾ വളർത്തിയെടുക്കുമെന്നും ഡോ. നമ്പ്യാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബാൾട്ടിമോർ പ്രവിശ്യാ പ്രസിഡന്റ് ജിജോ ആലപ്പാട്ടും ചെയർമാൻ വിജോയ് പട്ടമാടിയും ഡോ. ബാബു സ്റ്റീഫനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഗ്ലോബൽ ചെയർമാൻ കൂടിയായ തോമസ് മൊട്ടക്കൽ, WMC യുടെ ആഗോള സംരംഭങ്ങളെയും ഭാവി ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു.

“ബോംബെ ഗേൾസ്” എന്ന നൃത്ത സംഘത്തിലെ സജീവമായ പ്രകടനത്തിലൂടെ റിയ ആലപ്പാട്ട്, റെനി ആലപ്പാട്ട്, ആഞ്ചല ജോമി, ക്രിസ്റ്റീന ജോമി, ആൻ മാത്യൂസ് എന്നിവർ കൈയടി നേടി.

ഇന്ത്യൻ എംബസിയിൽ നിന്നുള്ള ദേബേഷ് ബെഹെറ, ഡോ. ജോർജ് ജേക്കബ്, കെഎജിഡബ്ല്യു 2026 ലെ നിയുക്ത പ്രസിഡന്റ് നാരായണൻ വളപ്പിൽ, കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് മൈജോ മൈക്കിൾസ്, കെസിഎസ് മുൻ പ്രസിഡന്റ് സുരേഷ് നായർ, നോർത്തേൺ വിർജീനിയ പ്രവിശ്യ പ്രസിഡന്റ് സൂസൻ സക്കറിയ, ഡബ്ല്യുഎംസി റിച്ച്മണ്ട് പ്രവിശ്യ ചെയർമാൻ ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫിലാഡൽഫിയയിൽ നിന്നുള്ള ലിജി തോമസും സാബു പാമ്പാടിയും അവതരിപ്പിച്ച സംഗീത പരിപാടി ശ്രദ്ധേയമായി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎംസി ബാൾട്ടിമോർ പ്രവിശ്യ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഔദ്യോഗിക തുടക്കമിട്ടു. തോമസ് മൊട്ടക്കൽ സത്യപ്രതിജ്ഞാ ചൊല്ലി കൊടുത്തു. എൽദോ ചാക്കോ നന്ദി പറഞ്ഞു.



