നാഗ്പുര്‍: ജാതിയില്‍ തനിക്ക് വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ജാതിയോ മതമോ ഭാഷയോ കാരണം മനുഷ്യന്‍ മഹാനാകില്ല. വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠതയുള്ളവരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈശ്വരന്‍ തനിക്കുമേല്‍ ചൊരിഞ്ഞ ഏറ്റവും വലിയ അനുഗ്രഹം തന്റെ സമുദായത്തിന് ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം ലഭ്യമാക്കിയില്ല എന്നതാണെന്ന് ബ്രാഹ്‌മണ സമുദായാംഗമെന്ന നിലയില്‍ താന്‍ പലപ്പോഴും തമാശയായി പറയാറുണ്ട്,
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്‌മണര്‍ ചെലുത്തുന്ന സാമൂഹിക സ്വാധീനത്തിലെ വ്യത്യാസത്തെക്കുറിച്ചും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ബ്രാഹ്‌മണ സമുദായത്തിന് വലിയ പ്രാധാന്യമോ ആധിപത്യമോ ഇല്ല. എന്നാല്‍, ഉത്തര്‍ പ്രദേശും ബിഹാറും പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രബലമായ സാന്നിധ്യമുണ്ട്. അവിടെ പോകുമ്പോഴൊക്കെ ഗണ്യമായ അധികാരവും സ്വാധീനവുമുള്ള ദുബേമാരേയും മിശ്രമാരെയും ത്രിപാഠിമാരെയും കണ്ടിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.
മഹാരാഷ്ട്രയിലെ നാഗ്പുറില്‍ ഹല്‍ബ സമാജ് മഹാസംഘിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കവേ ആയിരുന്നു ഗഡ്കരിയുടെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ സംവരണത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്.

