Friday, December 5, 2025
HomeNewsആഗോള അയ്യപ്പസംഗമം ഇന്ന് പമ്പാ മണപ്പുറത്ത്: ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും

ആഗോള അയ്യപ്പസംഗമം ഇന്ന് പമ്പാ മണപ്പുറത്ത്: ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ഇന്ന് പമ്പാ മണപ്പുറത്ത് നടക്കും. ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയില്‍ സ്വാഗതം പറയും.

തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടക്കം 3,500 പ്രതിനിധികൾ സംഗമത്തില്‍ പങ്കെടുക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പാസ്. പ്രധാന വേദിയില്‍ 3,500 പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ള്. പാനല്‍ ചര്‍ച്ചകള്‍ക്കും, ഭക്ഷണശാലയ്ക്കും പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്.

മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. 300ടണ്‍ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്. വേദിയോട് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ശബരിമല ഐതീഹ്യവും ചരിത്രവും പറയുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ ശക്തമായി എതിര്‍ക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നാണ് യുഡിഎഫ് പ്രഖ്യാപനം. സ്വര്‍ണ്ണപ്പാളി തട്ടിയെടുത്തവരെ സംരക്ഷിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തര്‍ സംഗമത്തിന് പോകരുതെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആഹ്വാനം. അയ്യപ്പ സംഗമത്തിന് ബദല്‍ സംഗമം 22ന് പന്തളത്ത് സംഘടിപ്പിച്ച് വിശ്വാസികളുടെ പിന്തുണ നേടാനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments