കൊച്ചി: രാഹുൽ വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് തനിക്കെതിരെ കോൺഗ്രസ് അപവാദ പ്രചാരണം നടത്തുന്നതെന്ന് സി.പി.എം നേതാവ് കെ.ജെ.ഷൈൻ. പ്രതിപക്ഷനേതാവ് അറിയാതെ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയരില്ല. കോൺഗ്രസിന്റെ നിസഹായവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എന്നാൽ, തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതുകൊണ്ട് പരാതി നൽകിയില്ല. എന്നാൽ, പിന്നീട് കടുത്ത സൈബർ ആക്രമണം ഉണ്ടായതോടെ പൊലീസിൽ ഉൾപ്പടെ പരാതിപ്പെടുകയായിരുന്നു. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. അപവാദപ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും ഷൈൻ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഒരു കോൺഗ്രസ് നേതാവും വിളിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവിനൊപ്പമാണ് കെ.ജെ ഷൈൻ വാർത്താസമ്മേളനം നടത്തിയത്.
സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് സി.പി.എം നേതാവും എറണാകുളം ലോക്സഭ മണ്ഡലം മുൻ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.ജെ. ഷൈൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ എല്ലാ തെളിവുകളും സഹിതം പരാതി നല്‍കുമെന്ന് അവർ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സി.പി.എം എം.എൽ.എയെ വനിതാ നേതാവിന്റെ വീട്ടിൽവെച്ച് ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടി എന്ന തരത്തിൽ ഒരു പത്രത്തിൽ വന്ന വാർത്തയോട് ചേർത്ത് വെച്ചാണ് കെ.ജെ ഷൈനിനെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് അനുകൂല ഹാൻഡിലുകളാണ് ഇവ പ്രചരിപ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തന്നെക്കുറിച്ചും തന്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചുദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി കെ.ജെ ഷൈൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

