വാഷിംഗ്ടൺ : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ പുരോഗതി ഉണ്ടാകാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വ്യാപാര മേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ചര്‍ച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘‘25% തീരുവയും അധികമായി ചുമത്തിയ 25% ശതമാനം തീരുവയും പ്രതീക്ഷിച്ചിരുന്നില്ല. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാകാം രണ്ടാമത്തെ 25% തീരുവയ്ക്ക് കാരണമായത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ സംഭവവികാസങ്ങൾ പരിഗണിക്കുമ്പോൾ, നവംബർ 30ന് ശേഷം അധിക തീരുവ ഉണ്ടാകില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്’’– വി.അനന്ത നാഗേശ്വരൻ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾക്ക് ഏകദേശം പത്ത് ആഴ്ചകൾക്കുള്ളിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നാഗേശ്വരൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയത്. ഇതോടെ, ബ്രസീലിനൊപ്പം ഏറ്റവും ഉയർന്ന തീരുവയുള്ള രാജ്യമായി ഇന്ത്യ മാറി. ആദ്യം പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 7നാണ് പ്രാബല്യത്തിൽവന്നത്. രണ്ടാമതു പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27ന് നിലവിൽ വന്നു. ഇന്ത്യയേക്കാൾ റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്ക് പിഴത്തീരുവ ചുമത്തിയിട്ടില്ല

