Monday, December 23, 2024
HomeWorldകൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്റെ മൃതുദേഹം ബങ്കറിൽ നിന്ന് കണ്ടെടുത്തു; റിപ്പോർട്ട്

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്റെ മൃതുദേഹം ബങ്കറിൽ നിന്ന് കണ്ടെടുത്തു; റിപ്പോർട്ട്

ടെഹ്റാൻ: ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയുടെ മൃതുദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. നസ്റല്ല ഒളിവിൽ കഴിഞ്ഞിരുന്ന ബങ്കറിലാണ് മൃതുദേഹ ഭാ​​ഗങ്ങൾ കണ്ടെത്തിയത്. തെക്കൻ ബെയ്‌റൂട്ടിലെ തിരക്കേറിയ തെരുവിൽ നിന്ന് 60 അടി താഴെയാണ് ബങ്കർ സ്ഥിതി ചെയ്യുന്നത്. ഹിസ്ബുളള തലവനൊപ്പം ഇറാന്‍ സൈനിക ഉപമേധാവിയും കൊല്ലപ്പെട്ടുവെന്ന് ഇറാൻ സ്ഥിരീകരിച്ചിരുന്നു. ഇറാനിയൻ എലൈറ്റ് ഫോഴ്‌സിൻ്റെ ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷാൻ ആണ് കൊല്ലപ്പെട്ടത്. ഹസ്സന്‍ നസ്റല്ല ആക്രമിക്കപ്പെടുമ്പോൾ ജനറൽ അബ്ബാസ് ലെബനനിലെ ബങ്കറിലുണ്ടായിരുന്നു.

നസ്‌റല്ലയുടെ മരണം ഹിസ്ബുള്ള തന്നെ സ്ഥിരീകരിച്ചിരുന്നു. മരണം സ്ഥിരീകരിച്ചിരുന്നുവെങ്കിലും എങ്ങനെ കൊല്ലപ്പെട്ടുവെന്നോ ശവസംസ്‌കാരം എപ്പോൾ നടക്കുമെന്നോ ഹിസ്ബുള്ള അറിയിച്ചിട്ടില്ലായിരുന്നു. നസ്‌റല്ലയെ കൊലപ്പെടുത്തിയെന്ന് ‌ഇസ്രയേലും നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന ശക്തികേന്ദ്രങ്ങളിൽ സെപ്റ്റംബർ 27 നാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും ആറ് കെട്ടിടങ്ങൾ തകരുകയും ചെയ്തു.

ഇസ്രയേലി ടെലിവിഷൻ നെറ്റ്‌വർക്കുകളുടെ റിപ്പോർട്ട് പ്രകാരമാണ് ഹിസ്ബുള്ളയുടെ നേതാവ് ഹസൻ നസ്‌റല്ലയാണ് ആക്രമണത്തിന്റെ പ്രാഥമിക ലക്ഷ്യം എന്ന് അറിഞ്ഞത്. ആദ്യം പുറത്തു വന്ന വാർത്തകൾ പ്രകാരം ഹസ്സൻ നസ്റല്ല കൊല്ലപ്പെട്ടതായി സംശയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് ഹിസ്ബുള്ള തന്നെ മരണം സ്ഥിരീകരിക്കുന്നത്. ഗസയിൽ നിന്ന് ലെബനനിലേക്ക് സൈനിക ശ്രദ്ധ മാറ്റിയതിന് ശേഷമുളള ഏറ്റവും തീവ്രമായ ആക്രമാണ് സെപ്റ്റംബർ 27 ന് നടന്നത്.

നസ്‌റല്ല വർഷങ്ങളായി ഒളിവിൽ കഴിയുകയാണ്. ലെബനനിൽ, പ്രത്യേകിച്ച് ഷിയാ അനുയായികൾക്കിടയിൽ ആധിപത്യമുള്ള നേതാവാണ് നസ്‌റല്ല. 1992 ഫെബ്രുവരി മുതൽ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലാണ് ഹസ്സൻ നസ്‌റല്ല. എട്ട് സഹോദരങ്ങളാണ് നസ്‌റല്ലയ്ക്കുളളത്. ചെറുപ്പം മുതലേ മതപഠനം നടത്തിയ അദ്ദേഹം ഒടുവിൽ ഷിയാ രാഷ്ട്രീയ, അർദ്ധസൈനിക വിഭാഗമായ അമൽ മൂവ്‌മെൻ്റിൽ ചേർന്നു. 1982-ൽ ലെബനനിലെ ഇസ്രയേൽ അധിനിവേശത്തെത്തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. അന്ന് ഹിസ്ബുള്ള സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് നസ്‌റല്ല. ഇസ്രയേൽ സേനയ്‌ക്കെതിരായ ചെറുത്തുനിൽപ്പിനെ പിന്തുണയ്ക്കുന്നതിനായി ലെബനനിലെത്തിയ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ സഹായത്തോടെയാണ് ഈ സംഘം സ്ഥാപിതമായത്.

1985-ൽ, ഹിസ്ബുള്ള ഒരു തുറന്ന കത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും ഇസ്‌ലാമിൻ്റെ പ്രധാന ശത്രുക്കളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മുസ്‌ലിം പ്രദേശങ്ങൾ കൈവശപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇസ്രയേലിനെ തുടച്ചുമാറ്റണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം നിരവധി രഹസ്യ സ്ഥലങ്ങളിലായാണ് നസ്‌റല്ല കഴിയുന്നത്. 1997-ൽ ഹിസ്ബുള്ളയ്ക്കുവേണ്ടി പോരാടുന്നതിനിടെ നസ്‌റല്ലയുടെ മൂത്തമകൻ ഹാദി മരണപ്പെട്ടിരുന്നു. ഇസ്രയേൽ സൈന്യമാണ് ഹാദിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments