ഹിസ്ബുള്ളയുടെ സ്ഥാപക നേതാവ് ഹസൻ നസ്‌റല്ലയുടെ വധത്തെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ . അദ്ദേഹത്തിൻ്റെ മരണം “അയാളുടെ നിരവധി ഇരകൾക്കുള്ള നീതിയാണ് എന്നും ബൈഡൻ പറഞ്ഞു. എന്നാൽ ഹിസ്ബുള്ളക്ക് എതിരെ സംയമനം വെടിഞ്ഞ് ഇസ്രയേൽ ആക്രമിക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിടുന്നത് ബൈഡൻ കൂടിയാണ്.
ഇസ്രയേൽ – പലസ്തീൻ യുദ്ധം തുടങ്ങിയ അവസരം മുതൽ ഇന്നുവരെ വെടിനിർത്തനിലായി ആഹ്വാനം ചെയ്യുകയാണ് ബൈഡൻ. എന്നാൽ അദ്ദേഹത്തിൻ്റെ മുഴുവൻ തന്ത്രത്തിനും മാരകമായ പ്രഹരമേല്പിച്ചുകൊണ്ട് ഇസ്രയേൽ പശ്ചിമേഷ്യയിൽ ആകെ ആക്രമണം അഴിച്ചുവിടുകയാണ്. ഇപ്പോഴത്തെ ഈ പ്രതിസന്ധി പരിഹരിക്കാൻ യുഎസ് വീണ്ടും നിർബന്ധിതരാകുന്നു. മിഡിൽ ഈസ്റ്റിൽ താൻ അമേരിക്കയുടെ പ്രതിരോധം വർധിപ്പിക്കുകയാണെന്ന് ബിഡൻ പറഞ്ഞ., അതേസമയം അമേരിക്കൻ താവളങ്ങളെ ആക്രമിക്കാൻ ഈ നിമിഷം ഉപയോഗിക്കരുതെന്ന് ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് പെൻ്റഗൺ മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ നേതാവിനെ നിയന്ത്രിക്കാനും ഹിസ്ബുള്ളയെ ഒരു യുദ്ധവിരുദ്ധ സന്ധിയിലേക്ക് പ്രേരിപ്പിക്കാനും യുഎസ് നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും ഇസ്രയേൽ അതിനു വഴങ്ങിയില്ല.ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലെ ഒരു പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ, ജോ ബൈഡനോട് ഒരു മാധ്യമപ്രവർത്തകൻ ലെബനനിലേക്കുള്ള ഇസ്രായേൽ അധിനിവേശം അനിവാര്യമാണോ എന്ന് ചോദിച്ചപ്പോൾ “ഇപ്പോൾ വെടിനിർത്തലാണ് ആവശ്യം.” എന്നായിരുന്നു മറുപടി.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ 21 ദിവസത്തെ വെടിനിർത്തലിന് യുഎസും സഖ്യകക്ഷികളും ബുധനാഴ്ച ആഹ്വാനം ചെയ്തിരുന്നു, എന്നാൽ അത്തരം സാധ്യതകൾ എല്ലാം കാറ്റിൽ പറന്നിരിക്കുകയാണ്.