ജറുസലം : ഗാസ സിറ്റിയില്‍ ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍ സേന. വീടുകളും കെട്ടിടങ്ങളും ആക്രമിച്ച് തകര്‍ത്താണ് ഇസ്രയേല്‍ നീക്കം. ഇന്നലെ 30 പാര്‍പ്പിടസമുച്ചയങ്ങള്‍ ബോംബിട്ടു തകര്‍ത്തു. 48 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 64,871 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇന്നലെ 2 പലസ്തീന്‍കാര്‍ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി.
അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ ഇസ്രയേലിലെത്തിയിരുന്നു. ബന്ദിമോചനം വേഗത്തിലാക്കുകയാണു റൂബിയോയുടെ സന്ദര്‍ശന ലക്ഷ്യം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തോട് അമേരിക്ക കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. “വ്യക്തമായും ഞങ്ങൾ അതിൽ സന്തുഷ്ടരല്ല, പ്രസിഡന്റ് അതിൽ സന്തുഷ്ടനായിരുന്നില്ല. ഇനി നമ്മൾ മുന്നോട്ട് പോയി അടുത്തതായി എന്ത് സംഭവിക്കുമെന്ന് കണ്ടെത്തേണ്ടതുണ്ട്,” ഇസ്രായേലിലേക്ക് പോകുന്നതിനുമുമ്പ് റൂബിയോ പറഞ്ഞു.

