ദുബായ്: ബോളർമാർ തളച്ചിട്ടവരുടെ മേൽ അവസാന ‘ആണി’ അടിക്കുന്ന ചുമതല മാത്രമേ ബാറ്റർമാർക്കുണ്ടായിരുന്നുള്ളൂ. അതു ഭംഗിയായി തീർത്ത ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും ജയം. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു.
ടോപ് സ്കോററായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (37 പന്തിൽ 47*) മുന്നിൽനിന്നു നയിച്ചപ്പോൾ അഭിഷേക് ശർമ (13 പന്തിൽ 31), തിലക് വർമ (31 പന്തിൽ 31), ശുഭ്മാൻ ഗിൽ (7 പന്തിൽ 10), ശിവം ദുബൈ (7 പന്തിൽ 10*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവനകൾ. ഏഷ്യാ കപ്പ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യ, സൂപ്പർ ഫോറിന് യോഗ്യത നേടുകയും ചെയ്തു. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ ഇന്ത്യ ആക്രമിച്ചു കളിക്കുകയായിരുന്നു. ആദ്യ ബോൾ ബൗണ്ടറി കടത്തിയാണ് ഓപ്പണർ അഭിഷേക് ശർമ തുടങ്ങിയത്. ഒന്നാം ഓവറിൽ അഭിഷേകും ഗില്ലും ചേർന്ന് 12 റൺസ് നേടി. രണ്ടാം ഓവറിൽ തുടർച്ചയായി ബൗണ്ടറി നേടി ഗിൽ നന്നായി തുടങ്ങിയെങ്കിലും അതേ ഓവറിലെ അവസാന പന്തിൽ തന്നെ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എത്തിയതോടെ അഭിഷേക് കൂടുതൽ ധൈര്യത്തോടെ ബാറ്റു വീശി.
നാലാം ഓവറിൽ സയിം അയൂബ് തന്നെയാണ് അഭിഷേകിനെയും പുറത്താക്കിയത്. പിന്നീടെത്തിയ തിലക് വർമയും സൂര്യകുമാറും ചേർന്ന് മൂന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. 13–ാം ഓവറിൽ തിലകിനെ പുറത്താക്കി സയിം തന്നെ ആ കൂട്ടുകെട്ടും പൊളിച്ചു. പിന്നീടെത്തിയ ശിവം ദുബെയുമായി ചേർന്ന് സൂര്യ ‘സ്റ്റിയറിങ്’ ഏറ്റെടുത്തതോടെ ഇന്ത്യ അതിവേഗം ജയത്തിലേക്കു നീങ്ങി. സിക്സറടിച്ചാണ് സൂര്യ ഇന്ത്യയുടെ വിജയ റൺ നേടിയത്.
തുല്യശക്തി ഒന്നുമല്ലെങ്കിലും ഒരു ചെറുത്തുനിൽപ്പെങ്കിലും ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചു. പക്ഷേ ഇന്ത്യയുടെ ബോളിങ് ‘ആക്രമണത്തിനു’ മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ‘വെടിനിർത്തൽ’ പ്രഖ്യാപിക്കുകയായിരുന്നു പാക്കിസ്ഥാൻ. ഏഷ്യാകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ സ്കോർ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസിൽ ഒതുങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ജസ്പ്രീത് ബുമ്ര, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. 40 റൺസെടുത്ത സാഹിബ്സാദ ഫർഹാനാണ് അവരുടെ ടോപ് സ്‌കോറർ. ഷഹീൻ അഫ്രീദിയുടെ (33*) ബാറ്റിങ്ങും തുണച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തുടക്കം തന്നെ പാളി. ഇന്നിങ്സിലെ ആദ്യ ‘നിയമസാനുസൃത’ പന്തിൽ തന്നെ അവരുടെ ആദ്യ വിക്കറ്റ് വീണു. ഹാർദിക് എറിഞ്ഞ, ഇന്നിങ്സിന്റെ ആദ്യ പന്ത് വൈഡായതിനു പിന്നാലെയെത്തിയ കിടിലൻ ഇൻസ്വിങ്ങറിൽ ബാറ്റു വച്ച ഓപ്പണർ സയീം അയൂബിനെ (പൂജ്യം) ജസ്പ്രീത് ബുമ്ര കയ്യിലൊതുക്കുകയായിരുന്നു. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ ( 5 പന്തിൽ 3) രണ്ടാം ഓവറിൽ ജസ്പ്രീത് ബുമ്ര, ഹാർദിക്ക് പാണ്ഡ്യയുടെ കൈകളിൽ എത്തിച്ചതോടെ പാക്കിസ്ഥാൻ ശരിക്കും ഞെട്ടി. ഇതോടെ രണ്ട് ഓവറിൽ 7ന് 2 എന്ന നിലയിലേക്കു വീണു പാക്കിസ്ഥാൻ. പിന്നീട് മൂന്നാം വിക്കറ്റിൽ സാഹിബ്സാദ ഫർഹാനും ഫഖർ സമാനും രക്ഷാപ്രവർത്തനത്തിനൊടുവിൽ പവർപ്ലേ അവസാനിച്ചപ്പോൾ സ്കോർ ബോർഡിൽ 42 റൺസ് കൂട്ടിച്ചേർക്കാൻ അവർക്കായി.
എന്നാൽ പിന്നീട് നടത്തിയ ‘സ്പിൻ ആക്രമണത്തോടെ’ പാക്കിസ്ഥാന്റെ പതനം ഏറെക്കുറെ പൂർത്തിയായി. എട്ടാം ഓവറിൽ ഫഖർ സമാനെ (15 പന്തിൽ 17) പുറത്താക്കി അക്ഷർ പട്ടേൽ കൂട്ടുകെട്ട് പൊളിച്ചു. തന്റെ തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൽമാന ആഗയെയും(12 പന്തിൽ 3) അക്ഷർ മടക്കി. ഇതോടെ ഇന്നിങ്സ് പകുതിയായപ്പോഴേയ്ക്കും 49ന് 4 നിലയിലായി പാക്കിസ്ഥാൻ. പിന്നീട് കുൽദീപ് യാദവിന്റെ ഊഴമായിരുന്നു. 13–ാം ഓവറിൽ കുൽദീപ് നടത്തിയ ഇരട്ടപ്രഹരത്തോടെ അവർ 64ന് 6 എന്ന നിലയിലേക്കു വീണു. ഹസൻ നവാസ് (7 പന്തിൽ 5), മുഹമ്മദ് നവാസ് (പൂജ്യം) എന്നിവരെയാണ് ആ ഓവറിൽ കുൽദീപ് പുറത്താക്കിയത്. 17–ാം ഓവറിൽ ഓപ്പണർ സാഹിബ്സാദ ഫർഹാനെ (44 പന്തിൽ 40) കൂടി പുറത്താക്കി കുൽദീപ് തുടർച്ചയായ രണ്ടാം മൂന്നു വിക്കറ്റ് നേട്ടം ആഘോഷിച്ചു. യുഎഇക്കെതിരായ ആദ്യ മത്സരത്തിലും കുൽദീപ് മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു.
18–ാം ഓവറിൽ ഫഹീം അഷ്റഫിനെ (14 പന്തിൽ 11) വരുൺ ചക്രവർത്തിയും 19–ാം ഓവറിൽ സൂഫിയാൻ മുഖീമിനെ (6 പന്തിൽ 10) ബുമ്രയും പുറത്താക്കി. ഒരു ഘട്ടത്തിൽ പാക്കിസ്ഥാൻ സ്കോർ 100 കടക്കില്ലെന്നു കരുതിയെങ്കിലും അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദി (16 പന്തിൽ 33*) നടത്തിയ ബാറ്റിങ്ങാണ് അവരുടെ സ്കോർ 120 കടത്തിയത്. നാല് സിക്സറുകളാണ് ഷഹീൻ അഫ്രീദിയുടെ ബാറ്റിൽനിന്നു പിറന്നത്.

