വാഷിങ്ടൻ : ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെ നിർണായക ചർച്ചക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേലിൽ എത്തി. ‘‘സംഭവിച്ച കാര്യങ്ങളിൽ ഞങ്ങൾ സന്തുഷ്ടരല്ല. പ്രസിഡന്റ് ട്രംപും അതിൽ സന്തുഷ്ടനല്ല. എന്നാൽ ഇസ്രയേലുമായുള്ള ബന്ധത്തിന്റെ സ്വഭാവം മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’’, യാത്ര തിരിക്കും മുൻപ് റൂബിയോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരെ നടന്ന ആക്രമണത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് റൂബിയോയുടെ യാത്ര. “ഈ പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ആഗ്രഹിക്കുന്നു. 48 ബന്ദികളെ ഇനിയും മോചിപ്പിക്കാനുണ്ട്. ഗാസ എങ്ങനെ പുനർനിർമിക്കാം, എങ്ങനെ സുരക്ഷയൊരുക്കും, ഹമാസിനെ എങ്ങനെ പ്രതിരോധിക്കും, ആരാണ് അതിന് പണം നൽകേണ്ടത്, ആരാണ് ഈ പ്രക്രിയയുടെ ചുമതല വഹിക്കുക എന്നീ കാര്യങ്ങളാണ് ചർച്ച ചെയ്യുക എന്ന് റൂബിയോ പറഞ്ഞു

