ന്യൂയോര്‍ക്ക് : താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നഗരത്തില്‍ പ്രവേശിച്ചാലുടന്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനോട് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുമെന്ന് പറഞ്ഞ് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനി. ‘ഇത് ഞാന്‍ നിറവേറ്റാന്‍ ഉദ്ദേശിക്കുന്ന കാര്യമാണ്,’ മംദാനി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുഎസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അധികാരത്തെ അംഗീകരിക്കുന്നില്ലെങ്കിലും കോടതി പുറപ്പെടുവിച്ച വാറണ്ടിനെ മാനിക്കുമെന്നും വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും മംദാനി വിശദീകരിച്ചു. ‘ഇത് അന്താരാഷ്ട്ര നിയമത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു നഗരമാണെന്ന് ഉറപ്പാക്കണമെന്നാണ് എന്റെ ആഗ്രഹം,’ അദ്ദേഹം പറഞ്ഞു.
അതേസമയം, നെതന്യാഹുവിന്റെ അറസ്റ്റ് ഫെഡറല്‍ നിയമത്തിന്റെ ലംഘനമാകാമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പ്രായോഗികമായി അസാധ്യവുമാകാം. കാരണം, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിന് നഗര നിയമത്തിന്റെയോ സംസ്ഥാന നിയമത്തിന്റെയോ ലംഘനം ആവശ്യമാണ്; രണ്ടാമതായി, ഒരു കുറ്റകൃത്യം ചുമത്തിയാലും, രാഷ്ട്രത്തലവനാകുന്നതിനാല്‍ അദ്ദേഹത്തിന് പ്രതിരോധിക്കാനാകും.

