2024-ലെ ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (IIFA) അവാർഡ്‌സിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും. പുരസ്കാരവേദിയിൽ മികച്ച നടനുള്ള പുരസ്കാരം ഷാരൂഖും മികച്ച നടിയ്ക്കുള്ള പുരസ്കാരം റാണി മുഖർജിയും സ്വന്തമാക്കി.അതേസമയം, പുരസ്‍കാര വേദിയിൽ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയത് സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രമായ അനിമൽ ആണ്. മികച്ച ചിത്രം, സംഗീതം, ഗായകൻ, വില്ലൻ, സഹനടൻ തുടങ്ങിയ പുരസ്കരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
2023-ൽ പുറത്തിറങ്ങിയ അറ്റ്‌ലീ സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖർജിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.
മികച്ച ചിത്രത്തിനുള്ള അവാർഡ് ഏറ്റുവാങ്ങിയത് അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ്. 12ത് ഫെയിൽ എന്ന ചിത്രത്തിലൂടെ വിധു വിനോദ് ചോപ്ര മികച്ച സംവിധായകനായി.
നോമിനേഷന്‍ നേടിയ അഭിനേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച ശേഷമാണ് ഷാരൂഖ് അവാർഡ് ഏറ്റുവാങ്ങിയത്. എല്ലാവരും മികച്ച നടന്മാരാണെന്നും തന്റെ ആരാധകരുടെ സ്നേഹമാണ് ഈ പുരസ്കാരമെന്നും ഷാരൂഖ് വേദിയിൽ പറഞ്ഞു. രൺവീർ സിംഗ്, രൺബീർ കപൂർ, വിക്രാന്ത് മാസെ, വിക്കി കൗശൽ എന്നിവരാണ് മികച്ച നടനുള്ള നോമിനേഷൻ പട്ടികയിലുണ്ടായിരുന്നത്. ഷാരൂഖിന്‍റെ പ്രസംഗവും അദ്ദേഹം വിക്കി കൗശലിനൊപ്പം ചുവടുവെച്ചതുമെല്ലാം ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കുന്നുണ്ട്.
റാണി മുഖർജിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ആണ് ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’യിലെ ദേബിക ചാറ്റർജി വിലയിരുത്തപ്പെടുന്നത്. നേരത്തെ ഫിലിം ഫെയർ അവാര്‍ഡ്സില്‍ റാണിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം നല്‍കാത്തതിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. ക്രിട്ടിക്സ് പുരസ്കാരമായിരുന്നു അന്ന് നടിയ്ക്ക് ലഭിച്ചത്.