വാഷിങ്ടൺ ഡിസി: ഡൊണാൾഡ് ട്രംപിന്റെ നഗ്ന പ്രതിമ നടുറോട്ടിൽ. നൊവാഡയിലെ ലാസ് വേഗസിലാണ് 43 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്. അമേരിക്കയുടെ പലഭാഗത്തും ട്രംപിന്റെ നന്ഗ പ്രതിമ സ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘കുതന്ത്രവും അശ്ലീലവും’ എന്ന വാചകവും പ്രതിമയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് നിഗമനം. നവംബറിൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ പ്രതിമ നീക്കം ചെയ്തേക്കില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2722 കിലോഗ്രാം ഭാരമുള്ള നഗ്ന പ്രതിമ പഞ്ഞിയുൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ചെമ്പൻ മുടിയും ചാടിയ വയറുമായി വിഷാദഭാവത്തിലാണ് ട്രംപിന്റെ പ്രതിമ നിൽക്കുന്നത്.
2016ലെ തിരഞ്ഞെടുപ്പ് സമയത്തും സമാന രീതിയിൽ ട്രംപിന്റെ നഗ്ന പ്രതിമകൾ സ്ഥാപിക്കപ്പെട്ടിരുന്നു. ട്രംപിന്റെ വലുപ്പത്തിലുള്ള അഞ്ച് നഗ്ന പ്രതിമകൾ നിർമിക്കാൻ ജോഷ്യ ജിഞ്ചർ എന്ന വ്യക്തിയെ ഏൽപ്പിച്ചിരുന്നു. ഈ പ്രതിമ 2018 ൽ ലേലത്തിൽ വിറ്റുപോവുകയും ചെയ്തു. സാക് ബാഗൻസ് എന്ന വ്യക്തി 28,000 ഡോളറിന് (ശരാശരി 24 ലക്ഷം രൂപ)യ്ക്കാണ് വാങ്ങിയത്.
അതേസമയം വിവിധ ഏജൻസികൾ പുറത്തുവിട്ട സർവേ ഫലങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനാണ് മുൻതൂക്കം. ക്കാഗോ സർവകലാശാലയിലെ നോർക് സംഘടിപ്പിച്ച സർവേയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ 38 പോയിന്റിന് മുന്നിലാണ് കമല. ഹാർവാർഡ് കെന്നഡി സ്കൂളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് യുവാക്കൾക്കിടയിൽ സംഘടിപ്പിച്ച സർവേയിലും കമല ഹാരിസാണ് മുന്നിൽ. 18നും 29നുമിടയിലുള്ളവരിൽ നടത്തിയ സർവേയിൽ ഡൊണാൾഡ് ട്രംപിനേക്കാൾ 32 ശതമാനം വോട്ട് സാധ്യത കമലയ്ക്കാണ്. റോയിട്ടേഴ്സ് – ഇപ്സോസ് സർവേയിലും കമല ഹാരിസ് തന്നെയാണ് മുന്നിൽ. ട്രംപിനേക്കാൾ 7 പോയിന്റ് ലീഡാണ് കമല ഹാരിസിനുള്ളതെന്നാണ് സർവേ ഫലം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ കമല ഹാരിസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ട്രംപ് നുണപ്രചാരകനെന്ന് കമല പറഞ്ഞപ്പോൾ കുടിയേറ്റ ചർച്ചയിൽ കമലയെ ട്രംപ് തളർത്തി. സംവാദത്തിലെ പ്രകടനം കമലയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് നിഗമനം.