ന്യൂയോർക്ക് : ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിക്ക് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലുള്ള പ്രതിഷേധം തണുപ്പിക്കാനാണു ട്രംപിന്റെ നീക്കം. ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും വിരുന്നിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ അൽതാനിയുമായി ഒരു മണിക്കൂർ ചർച്ച നടത്തി.
രണ്ടു വർഷമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യതകൾ ഇസ്രയേൽ അട്ടിമറിക്കാൻ ശ്രമിച്ചതായി ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എങ്കിലും മധ്യസ്ഥ ശ്രമങ്ങളിൽനിന്നു ഖത്തർ പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഖത്തറിൽ ആക്രമണം നടത്തി ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ വധിക്കാനാണ് ചൊവ്വാഴ്ച ഇസ്രയേൽ ശ്രമിച്ചത്. എന്നാൽ ലക്ഷ്യം നിറവേറ്റാൻ ഇസ്രയേലിനായില്ല.

