റിയാദ് :നിർമിത ബുദ്ധി(എഐ) ഉപയോഗിച്ചുള്ള പകർപ്പവകാശ സംരക്ഷണ സംവിധാനത്തിന്റെ ലംഘനത്തിന് 9,000 റിയാൽ പിഴ ലഭിക്കുന്ന കുറ്റമാണെന്ന് സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി സ്ഥിരീകരിച്ചു. അവകാശപ്പെട്ട ഉടമയുടെ സമ്മതമില്ലാതെയും അനുമതി ഇല്ലാതെയുമുള്ള പ്രസിദ്ധീകരണം, പരിഷ്ക്കരണം, വാണിജ്യ ചൂഷണം എന്നിവയ്ക്ക് പിഴ ലഭിക്കും.
സ്വകാര്യ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നതും, നിർമിത കൃത്രിമബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവയിൽ മാറ്റം വരുത്തുന്നതും, അവകാശമുള്ള ഉടമയുടെ സമ്മതമില്ലാതെ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതും പകർപ്പവകാശ സംരക്ഷണ സംവിധാനത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി വ്യക്തമാക്കി.
സമാനമായ ഒരു കേസിൽ നിയമലംഘകനെ ശിക്ഷിക്കുകയും നിയമം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. പകർപ്പവകാശ ഉടമയുടെ അനുമതിയില്ലാതെ ഒരു സ്വകാര്യ ഫോട്ടോ പ്രസിദ്ധീകരിച്ച്, അതിൽ മാറ്റം വരുത്തി, അത് ഉപയോഗിച്ചതായി തെളിഞ്ഞതിന് ശേഷം അയാൾക്ക് 9,000 റിയാൽ പിഴ അടയ്ക്കാൻ ഉത്തരവിട്ടു.
അത്തരം കേസുകൾ പരിഗണിക്കുന്ന പ്രക്രിയ ആരംഭിക്കുന്നത് പരാതി ഉന്നയിച്ച കക്ഷി ഔദ്യോഗികമായി പരാതി നൽകുന്നതോടെയാണെന്ന് അതോറിറ്റി അറിയിച്ചു. ശേഷം ലംഘനത്തിന്റെ സ്വഭാവം നിർണ്ണയിക്കാൻ തെളിവുകൾ ശേഖരിച്ച് വിശകലനം ചെയ്യുന്നതാണ്. നിയമലംഘകന്റെ നേരിട്ടുള്ള അന്വേഷണവും അവരുടെ പക്ഷത്തെ പ്രതിരോധ വാദം കേൾക്കുന്നതും നടത്തുന്നു. തുടർന്ന് കേസ് ഒരു പ്രത്യേക കമ്മിറ്റിക്ക് പരിഗണനയ്ക്കായി റഫർ ചെയ്യുകയും അന്തിമ തീരുമാനം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
ബൗദ്ധിക സ്വത്തവകാശങ്ങളെ ബഹുമാനിക്കണമെന്നും ഏതെങ്കിലും കാരണത്താൽ അവ ലംഘിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അതോറിറ്റി വ്യക്തികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. സൃഷ്ടാക്കളുടെയും രചയിതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബാധകമായ നിയന്ത്രണങ്ങളും ചട്ടങ്ങളും ലംഘനത്തിന് സാമ്പത്തികവും നിയമപരവുമായ പിഴകൾ ചുമത്തുന്നുവെന്ന് പ്രത്യേകം എടുത്തു പറഞ്ഞു.

