ഡല്‍ഹി: അമേരിക്കൻ ക്രൂഡ് ഓയിലിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കുമായി ഇന്ത്യ തങ്ങളുടെ വിപണി തുറക്കണമെന്ന ആഗ്രഹം യുഎസിനുണ്ടെന്ന് ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായ സെർജിയോ ഗോർ.
ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഡൊണാള്‍ഡ് ട്രംപ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍, എല്‍എൻജി എന്നിവയ്ക്കായി ഇന്ത്യൻ വിപണി തുറക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സെർജിയോ ഗോർ പറഞ്ഞു.
‘സാധ്യതകള്‍ അനന്തമാണ്… നടന്നുകൊണ്ടിരിക്കുന്ന ഈ വ്യാപാര ചർച്ചകളിലൂടെ ഞങ്ങളുടെ ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍, എല്‍എൻജി എന്നിവയ്ക്കായി ഇന്ത്യൻ വിപണി തുറക്കാൻ ഞങ്ങള്‍ പൂർണമായി ഉദ്ദേശിക്കുന്നു. ആ വിപണികളിലേക്ക് വ്യാപിക്കാൻ ഞങ്ങള്‍ക്ക് എണ്ണമറ്റ അവസരങ്ങളുണ്ട്. അത് ചെയ്യാൻ ഞങ്ങള്‍ പൂർണമായും ഉദ്ദേശിക്കുന്നുണ്ട്’, ഗോർ പറഞ്ഞു. ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ട്രംപ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയെ വിമർശിക്കുമ്ബോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപിന് ഗാഢ സൗഹൃദമുണ്ടെന്നും ഗോർ അറിയിച്ചു. ഇന്ത്യയെ വിമർശിക്കുമ്പോഴും മോദിയെ ട്രംപ് പ്രത്യേകമായി അഭിനന്ദിക്കാറുണ്ട്. ഇന്ത്യയെ ചൈനയില്‍നിന്ന് അകറ്റുന്ന രീതിയില്‍ ബന്ധം ഉറപ്പിക്കാൻ യുഎസ് തയ്യാറാണെന്ന സൂചനയും അദ്ദേഹം നല്‍കി.
ഇന്ത്യയും ചൈനയും പങ്കിടുന്ന ബന്ധത്തെക്കാള്‍ വളരെ ഊഷ്മളമാണ് യുഎസ്-ഇന്ത്യ ബന്ധം. ഇന്ത്യയെ ചൈനയുടെ പക്ഷത്തുനിന്ന് മാറ്റി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരുന്നത് തങ്ങളുടെ ഒരു പ്രധാന മുൻഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

