തിരുവനന്തപുരം: അയ്യപ്പസംഗമത്തിനു പിന്നാലെ, ന്യൂനപക്ഷസംഗമവും സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രശ്നങ്ങളും പരിഹാരവും ചർച്ചചെയ്യാനാണ് ഈ പരിപാടി. ന്യൂനപക്ഷ വിഷയങ്ങളിൽ നയപരമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകാൻ ‘വിഷൻ-2031’ എന്ന ലക്ഷ്യത്തിലാണ് സംഗമം
അതേസമയം, കേരള വികസനവുമായി ബന്ധപ്പെട്ട 33 വിഷയങ്ങളിൽ സെമിനാർ നടത്താൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും അതിലൊന്നു മാത്രമാണ് കൊച്ചിയിൽ നടത്താനിരിക്കുന്ന പരിപാടിയെന്നുമാണ് സർക്കാർവൃത്തങ്ങളുടെ വിശദീകരണം.
ന്യൂനപക്ഷക്ഷേമ വകുപ്പാണ് സംഘാടകർ. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികളെ പങ്കെടുപ്പിക്കും. കൊച്ചിയിലോ കോഴിക്കോട്ടോ സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുന്നതായി വിവരമുണ്ടെങ്കിലും സർക്കാർ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല
.അയ്യപ്പസംഗമത്തെക്കുറിച്ച് ചർച്ചകളും വിവാദങ്ങളും ഉയർന്നിരിക്കേയാണ്, ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള മറ്റൊരു സംഗമം. തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ, വോട്ട് ലക്ഷ്യമിട്ടാണ് സർക്കാർ അയ്യപ്പസംഗമം നടത്തുന്നതെന്നാണ് രാഷ്ട്രീയവിമർശനം.

