ദുബായ് : ഏഷ്യാകപ്പിനു മുന്നോടിയായി ടീം ക്യാപ്റ്റൻമാര്‍ ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ഇന്ത്യയുടെ സൂര്യകുമാർ യാദവിനു വേദിയില്‍ വച്ച് ഷെയ്ക് ഹാൻഡ് നൽകാതെ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയ ശേഷം ക്യാപ്റ്റൻമാർ എഴുന്നേറ്റതിനു പിന്നാലെയാണ് പാക്ക് ക്യാപ്റ്റൻ വേദി വിട്ടത്. വേദിക്ക് താഴെ ഇറങ്ങി അൽപസമയത്തിനു ശേഷം സൽമാൻ ആഗ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകുകയും ചെയ്തു.
വാർത്താ സമ്മേളനത്തിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വേദിയിൽവച്ചു തന്നെ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെ കെട്ടിപ്പിടിച്ചിരുന്നു. വേദിയിൽ ഇന്ത്യ, പാക്കിസ്ഥാൻ ക്യാപ്റ്റൻമാരുടെ നടുവിലായി ഇരുന്നതും റാഷിദ് ഖാനായിരുന്നു. ടെലിവിഷൻ ക്യാമറകളിൽനിന്നു രക്ഷപെടാനാണു സൽമാൻ ആഗ വേദിയിൽവച്ച് സൂര്യയെ ‘ഒഴിവാക്കിയതെന്നാണ്’ വിലയിരുത്തൽ.
എന്നാല്‍ വേദിക്കു താഴെവച്ച് സൂര്യകുമാർ യാദവിനെ കാത്തിരുന്നു ഹസ്തദാനം നൽകിയ പാക്കിസ്ഥാൻ ക്യാപ്റ്റന്റെ ദൃശ്യങ്ങൾ വൈറലായി. ഞായറാഴ്ചയാണ് ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ യുഎഇയാണ് ഇന്ത്യയുടെ എതിരാളികൾ. ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ഇന്ത്യയുടെ ഓപ്പണർമാരാകുമെന്നാണു വിവരം. മികച്ച ഫോമിലുള്ള ജിതേഷ് ശർമ വിക്കറ്റ് കീപ്പറായാൽ, സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽനിന്നു പുറത്താകും.

