കഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിൽ അതിശക്തമായ ജെൻ സി പ്രക്ഷോഭം. അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളിൽ യുവ തലമുറയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പാർലമെന്റിലേക്കു നടന്ന വൻ പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടതോടെ പ്രതിഷേധം രൂക്ഷമാകുകയാണ്. തലസ്ഥാനമായ കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജെൻ സി പ്രതിഷേധ റാലികൾ നടക്കുകയാണ്. ദേശീയ ഗാനം ആലപിച്ചും ദേശീയ പതാകകൾ വീശിയും അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനും എതിരെ മുദ്രാവാക്യങ്ങൾ വിളിച്ചും ആയിരക്കണക്കിനു യുവാക്കളാണ് പാർലമെന്റ് മന്ദിരത്തിനു നേരേ മാർച്ച് നടത്തിയത്. പാർലമെന്റിനു പുറത്തെ നിയന്ത്രിത മേഖലയിലേക്കു കടക്കുംമുൻപ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടാകുകയായിരുന്നു. കണ്ണീർവാതകം പ്രയോഗിച്ചതിനു പിന്നാലെ നടത്തിയ വെടിവയ്പിലാണ് ആളുകൾ കൊല്ലപ്പെട്ടത്. നിരവധി പേർക്കു പരുക്കുണ്ട്.

