ഗസ്സ സിറ്റി: ഗസ്സയിലെ അവസാന പട്ടണവും നാമാവശേഷമാക്കാൻ അവസാനവട്ട നീക്കങ്ങളുമായി ഇസ്രായേൽ. 10 ലക്ഷം ഫലസ്തീനികൾ കഴിയുന്ന ഗസ്സ സിറ്റി വിട്ടുപോകണമെന്നാണ് ഇസ്രായേൽ ഉത്തരവ്. മറ്റിടങ്ങളിൽനിന്ന് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് പേർ തിങ്ങിക്കഴിയുന്ന ചെറു പ്രദേശമായ മവാസിയിലേക്ക് നീങ്ങണമെന്നാണ് നിർദേശം.
ഭക്ഷണത്തിനുള്ള മാർഗങ്ങൾ അടച്ചും ആക്രമണം രൂക്ഷമാക്കിയും ഇതിനകം കൊടുംപട്ടിണിയുടെ നഗരമായി മാറിയ ഗസ്സ സിറ്റിയിൽ ദിവസങ്ങൾക്കിടെ 1100ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 6000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവിടെ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമായ സൂസി ടവർ ഇസ്രായേൽ തകർത്തു. താമസക്കാർക്ക് വിട്ടുപോകാൻ 20 മിനിറ്റ് മാത്രം അനുവദിച്ചാണ് 15 നില കെട്ടിടം നാമാവശേഷമാക്കിയത്.
ഗസ്സയിലുടനീളം ഞായറാഴ്ചയും ഇസ്രായേൽ അഴിച്ചുവിട്ട രൂക്ഷമായ ആക്രമണത്തിൽ നിരവധി പേർ കുരുതിക്കിരയായി. സ്കൂൾ, തമ്പുകൾ, വീടുകൾ എന്നിവിടങ്ങളിലായി നടന്ന ബോംബിങ്ങിൽ ഞായറാഴ്ച 21 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ വടക്കൻ ഗസ്സയിൽ ഭക്ഷണ വിതരണ കേന്ദ്രത്തിന് സമീപം കാത്തുനിന്ന 19 പേരടക്കം 56 മരണമാണ് റിപ്പോർട്ട് ചെയ്തത്.
അതിനിടെ, യമനിൽനിന്ന് ഹൂതികൾ തൊടുത്തതെന്ന് കരുതുന്ന ഡ്രോൺ തെക്കൻ ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിൽ പതിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വിമാനത്താവളം അടച്ചിടുകയും ചെയ്തു.

