ഹെല്‍സിങ്കി: വിദേശനയവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് കൂടുതല്‍ മാന്യമായ സമീപനം വേണമെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റൂബ്. വിദേശനയം കൂടുതല്‍ സഹകരണപരമായില്ലെങ്കില്‍ ഈ കളിയില്‍ തോല്‍ക്കുമെന്ന് യുഎസിന് നല്‍കിയ സന്ദേശത്തില്‍ സ്റ്റൂബ് പറഞ്ഞു.
‘എന്റെ യൂറോപ്യന്‍ സഹപ്രവര്‍ത്തകരോട് മാത്രമല്ല, പ്രത്യേകിച്ച് യുഎസിനോടുള്ള എന്റെ സന്ദേശം ഇതാണ്, ഇന്ത്യയെപ്പോലുള്ള ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളോട് കൂടുതല്‍ സഹകരണപരവും മാന്യവുമായ ഒരു വിദേശനയം നമ്മള്‍ രൂപപ്പെടുത്തിയില്ലെങ്കില്‍, നമ്മള്‍ ഈ കളിയില്‍ തോല്‍ക്കും,’ സ്റ്റൂബ് പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ അടുത്തിടെ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. നേരിടാന്‍ പോകുന്ന അപായത്തെ കുറിച്ച് ഗ്ലോബല്‍ വെസ്റ്റിലുള്ള രാജ്യങ്ങള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ് ചൈനയില്‍ നടന്ന ഉച്ചകോടിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഇറക്കുമതിക്കുമേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 50% തീരുവയെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സ്റ്റൂബിന്റെ പരാമര്‍ശം. ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഫിന്നിഷ് പ്രസിഡന്റ്. മാര്‍ച്ചില്‍ ട്രംപിന്റെ ഫ്‌ളോറിഡയിലുള്ള റിസോര്‍ട്ടില്‍ ഏഴ് മണിക്കൂര്‍ നീണ്ട ഗോള്‍ഫ് കളിക്കിടെയാണ് ഇരുവരും തമ്മില്‍ സൗഹൃദം സ്ഥാപിച്ചത്. ഡൊണാള്‍ഡ് ട്രംപിനെ സ്വാധീനിക്കാന്‍ കഴിയുന്ന ചുരുക്കം ചില യൂറോപ്യന്‍ നേതാക്കളില്‍ ഒരാളാണ് സ്റ്റൂബ് എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റഷ്യയുമായുള്ള സാഹചര്യം ചര്‍ച്ചചെയ്യുന്നതിനായി ഓഗസ്റ്റ് ആദ്യം യുക്രേനിയന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിക്കൊപ്പം വൈറ്റ് ഹൗസിലും സ്റ്റൂബ് എത്തിയിരുന്നു. ട്രംപ് സ്റ്റൂബിനെ ചെറുപ്പക്കാരനും കരുത്തനുമായ മനുഷ്യനെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്കുമേൽ 25 ശതമാനം പിഴത്തീരുവകൂടി ട്രംപ് ചുമത്തിയത്. യുഎസിന് മേല്‍ ഇന്ത്യ ചുമത്തുന്ന തീരുവകള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്നവയാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ ഉദാഹരണം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു ഇത്. ‘ഞങ്ങള്‍ ഇന്ത്യയുമായി വളരെ നല്ല ബന്ധത്തിലാണ്, പക്ഷേ വര്‍ഷങ്ങളായി ഇത് ഒരു ഏകപക്ഷീയമായ ബന്ധമായിരുന്നു… ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളാണ് ഇന്ത്യ ഞങ്ങളില്‍നിന്ന് ഈടാക്കിയിരുന്നത്,’ ട്രംപ് പറഞ്ഞു.

