വാഷിങ്ടൻ : യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരാശനാണെന്ന് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി നടത്തിയ അലാസ്ക ഉച്ചകോടിയ്ക്കു ശേഷവും സംഘർഷാവസ്ഥയ്ക്ക് കുറവില്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യ യുക്രെയ്‌നെതിരെ ആരംഭിച്ച പോരാട്ടം നിർത്താൻ കഴിയാത്തതിൽ ട്രംപ് നിരാശനാണെന്നും വ്യാഴാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ട്രംപ് ഫോണിൽ സംസാരിക്കുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ റഷ്യയുമായി സമാധാന കരാർ ഉണ്ടായിക്കഴിഞ്ഞാൽ യുക്രെയ്‌നിന് സുരക്ഷാ പിന്തുണ നൽകുന്നതിനുള്ള ഏറ്റവും പുതിയ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 30 ഓളം രാജ്യങ്ങളുടെ ഒരു വെർച്വൽ മീറ്റിങ് ഫ്രാൻസ് ആതിഥേയത്വം വഹിച്ചിരുന്നു. ചർച്ചകൾക്ക് റഷ്യ തയ്യാറാകാത്തതിനെ യൂറോപ്യൻ നേതാക്കൾ യോഗത്തിൽ അപലപിച്ചു.

