ദില്ലി:അമേരിക്കയുമായുള്ള വ്യാപാര കരാറിനുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഈ വര്‍ഷം നവംബറോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നതെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. എന്നാൽ, സമയപരിധി നിശ്ചയിച്ച് ഇത്തരം കരാറുകൾ യാഥാർത്ഥ്യമാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, കൂടുതൽ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. ചര്‍ച്ചകള്‍ക്കായി സിംഗപ്പൂർ പ്രധാനമന്ത്രി ദില്ലിയിലെത്തി. ഇന്നലെ രാത്രിയോടെയാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറൻസ് വോങ് ദില്ലിയിലെത്തിയത്. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടക്കും.
ഇന്ന് ഇന്ത്യയിലെ വ്യവസായികളുമായി വോങ് ചർച്ച നടത്തും. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വൈകിട്ട് വോങുമായി കൂടിക്കാഴ്ച നടത്തും. യുഎസ് താരിഫ് അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകാനാണ് സാധ്യത

