കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ ശമ്പളത്തിൽ നിന്ന് മാറ്റിവെക്കേണ്ടി വരുന്ന തുക ഓരോവർഷവും വർധിച്ചുവരുകയാണ്. മെട്രോപൊളിറ്റൻ നഗരങ്ങളിലെ ഭീമമായ സ്കൂൾ ഫീസ് പലപ്പോഴും ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ ബെംഗളൂരുവിലെ ഒരു സ്കൂളിൽ പ്രതിവർഷം നൽകേണ്ട ലക്ഷങ്ങളുടെ ട്യൂഷ്യൻ ഫീസിൻ്റെ റെസീപ്റ്റ് ശ്രദ്ധനേടുകയാണ്.
ഗൂഗിളിൽ ഡിസൈൻ ലീഡായി ജോലിചെയ്യുന്ന ഹാർദിക് പാണ്ഡ്യ എന്നയാളാണ് എക്സിൽ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്. ബെംഗളൂരുവിലെ ഐബി അഫിലിയേഷനുള്ള സ്ഥാപനത്തിലാണ് 7.35 ലക്ഷം രൂപ ഒന്നാം ക്ലാസിലേക്കുള്ള വാർഷിക ട്യൂഷൻ ഫീസായി ഈടാക്കുന്നത്.
11-12 ക്ലാസുകളിലെത്തുമ്പോൾ ഇത് 11 ലക്ഷം രൂപയാകും. യൂണിഫോം, പുസ്തകങ്ങൾ, യാത്രാസൗകര്യം, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ ചെലവുകൾ ഇതിൽപ്പെടില്ല. ട്യൂഷൻ ഫീസിനു പുറമേ നോൺ റീഫണ്ടബിൾ ( തിരികെ ലഭിക്കാത്ത) അഡ്മിഷൻ ഫീസായി ഒരു ലക്ഷം രൂപയും അടയ്ക്കണം. ബെംഗളൂരുവിലെ മികച്ച സ്ഥാപനങ്ങളിലൊന്നിൽ പ്രൈമറി ക്ലാസുകളിലേക്കുള്ള വാർഷിക ഫീസ് ഘടന എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്
.’ബെംഗളൂരുവിലെ മികച്ച സ്ഥാപനങ്ങളിലൊന്നിലെ പ്രൈമറി ക്ലാസുകളിലെ വാർഷിക ഫീസ് ഘടന. ഒന്നാം ക്ലാസ് മുതൽ പ്രതിവർഷം 7,35,000 രൂപയാണ് ഫീസ്. തിരികെ ലഭിക്കാത്ത ഒരു ലക്ഷം രൂപയുടെ അഡ്മിഷൻ ഫീസ് കാണാതെ പോകരുത്’- പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് ശ്രദ്ധനേടിയതോടെ നിരവധി പേരാണ് പ്രതികരിച്ചത്. ഇത്തരം ചെലവുകൾ മുന്തിയ സ്കൂളുകൾ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ബാധകമാകൂ എന്നായിരുന്നു ചിലരുടെ പ്രതികരണം. ഇന്ത്യയിലെ സ്വകാര്യ വിദ്യാഭ്യാസത്തിന്റെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ചായിരുന്നു മറ്റ് ചർച്ചകൾ.

