വാഷിംങ്ടൺ: ഇസ്രയേൽ- ഗാസ യുദ്ധത്തിൽ ഇസ്രയേൽ വിജയിച്ചേക്കാമെങ്കിലും ഗാസയിലെ യുദ്ധം ഇസ്രയേലിനെ ദോഷകരമായി ബാധിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദി ഡെയ്‌ലി കോളറിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം കാരണം ഇസ്രയേലിന് ലോകത്തിന്റെ പിന്തുണ നേടാനാകില്ലെന്നും സംഘർഷത്തിന് പെട്ടെന്ന് പരിഹാരം കാണണമെന്നും ട്രംപ് അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
ഇസ്രയേലിന് ഗാസയുമായുള്ള യുദ്ധം അവസാനിപ്പിക്കേണ്ടി വരും. ഗാസയിലെ യുദ്ധം ജൂതരാഷ്ട്രത്തിനു ദോഷം ചെയ്യും എന്നതിൽ സംശയമില്ല. ഇസ്രയേൽ യുദ്ധത്തിൽ വിജയിക്കുന്നുണ്ടാവാം. പക്ഷേ, പൊതുവികാരത്തിനു മുന്നിൽ അവർ വിജയിക്കുന്നില്ലെന്നും എല്ലാവർക്കും അറിയാവുന്നതുപോലെ, അത് ഇസ്രയേലിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നുമാണ് ട്രംപ് അഭിമുഖത്തിൽ പറയുന്നത്.
എന്നാൽ, ബന്ദികളെ മോചിപ്പിക്കുന്നതിന് മുമ്പ് ഹമാസിനെ നശിപ്പിക്കണമെന്ന് വാദിച്ച്, ഗാസാ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്ക് ട്രംപ് പൂർണ പിന്തുണ നൽകിയിട്ടുമുണ്ട്. ഇതിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മധ്യ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് തുടർ ആക്രമണം പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

