തിരുവനന്തപുരം: ഓണാവധിയും ആഘോഷവുമില്ലാതെ തെരുവിൽ സമരം തുടരുന്ന ആശ വർക്കർമാർക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറം ഓണ സദ്യ ഒരുക്കും. ഉത്രാട ദിനത്തിലാണ് സെക്രട്ടേറിയറ്റ് പടിക്കലെ സമരപന്തലിൽ ഓണ സദ്യ നൽകുന്നത്. ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരത്തിന്‍റെ 209-ാം ദിവസമാണ് തിരുവോണം. 200-ാം ദിനത്തിൽ സമര പന്തലിലെ കഞ്ഞി പാത്രം കൊണ്ട് ആശമാർ പട്ടിണി കളം ഒരുക്കി പ്രതിഷേധിച്ചിരുന്നു.
പ്രതിദിനം 233 രൂപ എന്ന തുച്ഛമായ ഓണറേറിയം മിനിമം കൂലിയായി വർധിപ്പിക്കുക, ആരോഗ്യവകുപ്പിലെ അടിസ്ഥാന ജോലികൾ ചെയ്യുന്ന ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൻ പ്രദാനങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചാണ് അശമർ സമരം തുടങ്ങിയത്. എന്നാൽ ശക്തമായ സമരം മാസങ്ങൾ പിന്നിട്ടിട്ടും അവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല.
സർക്കാർ തന്നെ നിയോഗിച്ച പഠനസമിതി ഓണറേറിയം വർധിപ്പിക്കണം എന്ന നിർദ്ദേശം സമർപ്പിച്ച ദിവസങ്ങൾ പിന്നിടുമ്പോഴും നിലപാട് പ്രഖ്യാപിക്കാൻ സർക്കാർ തയാറായിട്ടില്ല. ഓണം പ്രമാണിച്ച് എങ്കിലും തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായി തീരുമാനമെടുക്കും എന്ന ആശമാരുടെ പ്രതീക്ഷയാണ് മങ്ങുന്നത്. നിരാശരായി തങ്ങൾ മടങ്ങി പോകില്ലെന്നും വിജയം വരെ സമരവുമായി മുന്നോട്ടു പോകുമെന്നും ആശ സമരസമിതി നേതാവ് എസ്. മിനി പറഞ്ഞു.

