Friday, December 5, 2025
HomeIndiaമോദിക്കായി 10 മിനിറ്റ് കാത്തിരിപ്പോടെ പുടിൻ: പുടിന്റെ ‘ഔറസ് സെനറ്റി’ൽ ഒന്നിച്ച് യാത്ര

മോദിക്കായി 10 മിനിറ്റ് കാത്തിരിപ്പോടെ പുടിൻ: പുടിന്റെ ‘ഔറസ് സെനറ്റി’ൽ ഒന്നിച്ച് യാത്ര

ടിയാൻജിൻ (ചൈന): ഷാങ്ഹായ് ഉച്ചകോടിക്കിടെ ഒരേ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും. ഉച്ചകോടിക്കു ശേഷമുള്ള ഉഭയകക്ഷി ചർച്ച നടക്കുന്ന ഹോട്ടലിലേക്കാണ് ഇരുവരും പുട്ടിന്റെ ഔദ്യോഗിക കാറായ ‘ഔറസ് സെനറ്റി’ൽ യാത്ര ചെയ്തത്. പുട്ടിനാണ് ഒന്നിച്ചു യാത്ര ചെയ്യാനുള്ള നിർദേശം മുന്നോട്ടുവെച്ചതെന്ന് പ്രധാനമന്ത്രിയുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രി മോദി എത്തുന്നതിനു വേണ്ടി 10 മിനിറ്റോളം പുട്ടിൻ കാത്തുനിൽക്കുകയും ചെയ്തു. പുട്ടിനുമായി ഒന്നിച്ചു യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്. റിറ്റ്സ്–കാൾട്ടൻ ഹോട്ടലിലായിരുന്നു ഉഭയകക്ഷി ചർച്ച.

രണ്ടുനേതാക്കളും പുട്ടിന്റെ കാറിലാണ് യാത്ര ചെയ്തത്. ഇരുവരും വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ഉഭയകക്ഷി ചർച്ചയ്ക്കുള്ള സ്ഥലത്തെത്തിയ ശേഷവും കാറിൽനിന്നു പുറത്തിറങ്ങാതെ 45 മിനിറ്റോളം ചർച്ച തുടർന്നു. അതിനു ശേഷം നേതാക്കൾ ഒരു മണിക്കൂർ നീണ്ട ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്തു.’–ഔദ്യോഗിക വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. അതീവ സുരക്ഷയുള്ള കാറാണു ഔറസ് സെനറ്റ്. വെടിയുണ്ടകളും ഗ്രനേഡുകളും പ്രതിരോധിക്കാൻ ശേഷിയുള്ള ഇതിൽ അടിയന്തര ഘട്ടത്തിൽ ഓക്സിജൻ നൽകാനുള്ള സംവിധാനം, അഗ്നിരക്ഷാ സംവിധാനം തുടങ്ങിയവയുണ്ട്.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഇന്ത്യയ്ക്ക് യുഎസ് അധിക ഇറക്കുമതിത്തീരുവ ചുമത്തിയിട്ടുള്ള സാഹചര്യത്തിൽ പുട്ടിന്റെ സമീപനം അതീവ ശ്രദ്ധയർഹിക്കുന്നതാണ്. യുഎസിന്റെ സമ്മർദം തുടർന്നിട്ടും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. ദേശീയ താൽപര്യത്തിന് അനുസൃതമായാണ് ഊർജ ഇറക്കുമതി നയങ്ങൾ തീരുമാനിക്കുന്നതെന്നാണ് യുഎസിന് ഇന്ത്യ നൽകിയ മറുപടി. ഉഭയകക്ഷി ചർച്ചയിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുട്ടിൻ ശ്ലാഘിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments