പാന്‍ ഇന്ത്യന്‍ ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ ഹീറോ ചിത്രം ലോക: ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെയ്ഫറര്‍ ഫിലിംസാണ്. ഇപ്പോഴിതാ ബോക്‌സ് ഓഫീസിലെ ചിത്രത്തിന്റെ കുതിപ്പ് എത്രത്തോളമാണെന്നതിന്റെ വ്യക്തമായ സൂചന പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവായ ദുല്‍ഖര്‍.
ഇതുവരെ പത്ത് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണമാണ് ഇതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് പ്ലാറ്റ്ഫോമുകളിലൂടെ വിറ്റതും നേരിട്ട് ബോക്സ് ഓഫീസിൽ നിന്ന് വിൽക്കുന്നതുമായ ടിക്കറ്റുകളും വിദേശരാജ്യങ്ങളിൽ വിറ്റ ടിക്കറ്റുകളും കൂടി കണക്കാക്കുമ്പോൾ ആകെ വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണം ഇതിനേക്കാളും എത്രയോ കൂടുതലായിരിക്കും.
കല്യാണി പ്രിയദര്‍ശനൊപ്പം നസ്‌ലെനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’യുടെ രചനയും സംവിധാനവും ഡൊമിനിക് അരുണ്‍ ആണ് നിര്‍വഹിച്ചത്. ‘ലോക’ എന്ന സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകമാണ് ചിത്രം തുറന്നിടുന്നത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കേരളത്തിന്റെ സംസ്‌കാരത്തിലും മിത്തുകളിലും ഊന്നിയ സൂപ്പര്‍ഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുണ്‍ സൃഷ്ടിച്ചിരിക്കുന്നത്.

