വാഷിംഗ്ടൺ: ഷിക്കാഗോയിലെ കൊലപാതക നിരക്ക് ഇസ്ലാമാബാദിലെയും ന്യൂഡൽഹിയിലെയും കൊലപാതക നിരക്കുകളുമായി താരതമ്യം ചെയ്ത് വൈറ്റ് ഹൗസിൽ അവതരിപ്പിച്ച് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്. “ഷിക്കാഗോയിലെ കൊലപാതക നിരക്ക് ഇസ്ലാമാബാദിനേക്കാൾ ഇരട്ടിയിലധികവും ന്യൂഡൽഹിയേക്കാൾ ഏകദേശം 15 മടങ്ങ് കൂടുതലുമാണ്” എന്ന് ഫെഡറൽ കുറ്റകൃത്യ ഇടപെടലിനുള്ള ഭരണകൂടത്തിന്റെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചാണ് ലീവിറ്റ് ഇക്കാര്യം പറഞ്ഞത്.
എന്നാൽ, ഈ ഡാറ്റയുടെ ഉറവിടം പ്രസ് സെക്രട്ടറി വെളിപ്പെടുത്തിയിട്ടില്ല. നഗരത്തിലെ പൊതു ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നാഷണൽ ഗാർഡിന്റെ പ്രത്യേക യൂണിറ്റുകളെ അധികാരപ്പെടുത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവിന്റെ ആവശ്യകതയെ ഉയർത്തുന്ന സ്ഥിതിവിവരക്കണക്കുകൾ ആണിതെന്ന് ലീവിറ്റ് വാദിച്ചു.
അതേസമയം, ഫെഡറൽ നിയമപാലകർ നഗരത്തിൽ മുഖംമൂടി ധരിക്കുകയോ വേഷംമാറി നടക്കുകയോ ചെയ്യുന്നത് വിലക്കി ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ ശനിയാഴ്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. ഷിക്കാഗോയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഷിക്കാഗോ പോലീസ് ഡാറ്റ പ്രകാരം വർഷത്തിന്റെ ആദ്യ പകുതിയിൽ കൊലപാതകങ്ങൾ 32% കുറഞ്ഞ് 188 ആയി. 2014 ന് ശേഷമുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മൊത്തത്തിലുള്ള അക്രമ കുറ്റകൃത്യങ്ങൾ 23% കുറഞ്ഞു, വാഹന മോഷണം 28% കുറഞ്ഞുവെന്നും കാണിക്കുന്നു

