Friday, December 5, 2025
HomeAmericaഫെഡറൽ സൈന്യത്തെ നഗരത്തിലേക്ക് അയച്ചേക്കും : ചിക്കാഗോ മേയറും ട്രംപും തമ്മിൽ അഭിപ്രായ വ്യത്യാസം

ഫെഡറൽ സൈന്യത്തെ നഗരത്തിലേക്ക് അയച്ചേക്കും : ചിക്കാഗോ മേയറും ട്രംപും തമ്മിൽ അഭിപ്രായ വ്യത്യാസം

പി പി ചെറിയാൻ

ചിക്കാഗോ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ സൈന്യത്തെ നഗരത്തിലേക്ക് അയച്ചേക്കുമെന്ന വിഷയത്തിൽ ചിക്കാഗോ മേയറും ട്രംപും തമ്മിൽ അഭിപ്രായ വ്യത്യാസം. ഇതിനെ ചെറുക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ട് ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ. “നിയന്ത്രണാതീതമായ ഭരണകൂടത്തിന്റെ ഭീഷണികളിൽ നിന്നും നടപടികളിൽ നിന്നും താമസക്കാരെ സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്തരവെന്ന് മേയർ അറിയിച്ചു.

“ചിക്കാഗോ പ്രൊട്ടക്റ്റിങ് ഇനിഷ്യേറ്റീവ്” എന്ന് പേരിട്ടിട്ടുള്ള ഈ നീക്കം, നഗരത്തിൽ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന “വിശ്വസനീയമായ റിപ്പോർട്ടുകൾ” ലഭിച്ചതിനെ തുടർന്നാണെന്ന് ജോൺസൺ വ്യക്തമാക്കി. ഇത് സൈനികവൽക്കരിച്ച കുടിയേറ്റ നിയന്ത്രണമായോ നാഷണൽ ഗാർഡ് സൈനികരുടെ വിന്യാസമായോ അല്ലെങ്കിൽ സായുധ വാഹനങ്ങളായോ നഗരത്തിൽ എത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഉത്തരവ് പ്രകാരം, ചിക്കാഗോയിലെ പോലീസ് ഉദ്യോഗസ്ഥർ സൈനിക ഉദ്യോഗസ്ഥരുമായി ചേർന്നുള്ള പട്രോളിംഗിലോ കുടിയേറ്റ നിയന്ത്രണ പ്രവർത്തനങ്ങളിലോ സഹകരിക്കില്ല. രാജ്യത്തെ ഏതൊരു നഗരവും സ്വീകരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ പ്രതിരോധ നടപടിയാണിതെന്നും മേയർ കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ ഡി.സി.ക്ക് പിന്നാലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും നാഷണൽ ഗാർഡിനെ വിന്യസിക്കാനുള്ള നീക്കം ട്രംപ് പരിഗണിക്കവേയാണ് ചിക്കാഗോയുടെ ഈ തീരുമാനം. ക്രമസമാധാനം മെച്ചപ്പെടുത്താനാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വാദം. അതേസമയം, ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് എന്നിവരുൾപ്പെടെയുള്ളവർ ട്രംപിന്റെ നീക്കത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ക്രമസമാധാനം ഉറപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും ഫെഡറൽ സർക്കാരിനല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments