ലണ്ടൻ : ബ്രിട്ടിഷ് രാജാവ് ചാൾസിന്റെ ആദ്യഭാര്യയും ലോകപ്രശസ്ത രാജകുമാരിയുമായിരുന്ന ഡയാന ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ നൽകിയ രഹസ്യ പേടകം തുറന്നു. തടിയും ഈയവും കൊണ്ടുണ്ടാക്കിയ പെട്ടി 1990ൽ ആണ് ഡയാന ആശുപത്രിയിൽ സൂക്ഷിക്കാനേൽപിച്ചത്. 35 വർഷമായി ഇത് ഭൂമിക്കടിയിലായിരുന്നു.
ഡയാനയുടെ വ്യക്തിപരമായ വസ്തുക്കളാണ് പേടകത്തിനുള്ളിൽ. 1999ൽ പുറത്തിറങ്ങിയ കൈലി മിനോഗിന്റെ റിഥം ഓഫ് ലവ് എന്ന ആൽബം, ഒരു ചെറിയ പോക്കറ്റ് ടിവി, ഒരു പാസ്പോർട്, ഒരു ദിനപത്രം, ഡയാനയുടെ ഒരു ഫോട്ടോ എന്നിവയാണു പേടകത്തിനുള്ളിലുണ്ടായിരുന്നത്. 1989 മുതൽ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന്റെ പ്രസിഡന്റായിരുന്നു ഡയാന. അക്കാലത്താണ് ഒരു സുവനീർ എന്ന നിലയ്ക്ക് ടൈം ക്യാപ്സ്യൂൾ വിഭാഗത്തിലുള്ള പേടകം ആശുപത്രിയിൽ മറവ് ചെയ്തത്.
മുൻപും പല രാജകുമാരിമാരും ഇത്തരം പേടകങ്ങൾ മറവു ചെയ്തിട്ടുണ്ട്. 1872ൽ അലക്സാൻഡ്ര രാജകുമാരി ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ ഒരു പേടകം മറവു ചെയ്തിരുന്നു. എന്നാൽ അത് ഇതുവരെ തുറന്നിട്ടില്ല. ബ്രിട്ടിഷ് പ്രഭുകുടുംബത്തിലെ അംഗമായിരുന്ന ഡയാന ഒരു കിന്റർഗാർട്ടൻ ടീച്ചറായിരുന്നു ആദ്യനാളുകളിൽ .1981ൽ അവർ ചാൾസ് രാജകുമാരനെ വിവാഹം കഴിച്ചു. 75 കോടി ആളുകളാണ് ഈ വിവാഹം ടിവിയിൽ കണ്ടത്. വില്യം, ഹാരി എന്ന 2 മക്കളാണ് ചാൾസ്–ഡയാന ദമ്പതികൾക്കു പിറന്നത്.
കാമില പാർക്കറുമായി ചാൾസിനുണ്ടായ വിവാഹേതരബന്ധവും അന്യോന്യമുള്ള പൊരുത്തക്കേടുകളും ഇരുവരുടെയും വിവാഹജീവിതത്തെ ഉലച്ചു. 1996ൽ ഇരുവരും വിവാഹമോചനം നേടി. വളരെ ശ്രദ്ധിച്ചുള്ള വസ്ത്രധാരണവും ഒരേസമയം ക്ലാസിക്കും അതേസമയം ട്രെൻഡിയുമായ സ്റ്റൈലും ഡയാനയെ വേറിട്ടുനിർത്തി. അതു വിവാഹമോചന കാലയളവിലും തുടർന്നു.
ചാൾസിന്റെ വിവാഹേതരബന്ധം പുറത്തറിഞ്ഞതിനു പിന്നാലെ 1994ൽ കെൻസിങ്ടൻ ഗാർഡനിൽ നടന്ന വാനിറ്റി ഫെയർ ഗാലയിൽ ഡയാന കറുത്ത വേഷമണിഞ്ഞെത്തി. ഈ കറുപ്പ് ഗൗൺ പിന്നീട് ഡയാനയുടെ പ്രതികാരവേഷം അഥവാ റിവഞ്ച് ഡ്രസ് എന്ന പേരിൽ അറിയപ്പെട്ടു. ഒരു ഓഫ്ഷോൾഡർ സിൽക് ഗൗണായിരുന്നു അത്. ഇന്നത്തെ കാലത്തെ രണ്ടു ലക്ഷം രൂപയായിരുന്നു അന്ന് അതിന്റെ വില. പിൽക്കാലത്ത് ഇത് 39,098 ബ്രിട്ടിഷ് പൗണ്ടുകൾക്ക് ലേലത്തിൽ വിറ്റു. ഡയാന അണിഞ്ഞതിൽ ഏറ്റവും ശ്രദ്ധേയമായ വസ്ത്രങ്ങളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
ഒരു സ്റ്റൈൽ ഐക്കൺ എന്നതിനപ്പുറം ജനോപകാരപ്രദമായ അനവധി പ്രവർത്തനങ്ങളിലും ഡയാന പങ്കാളിയായിരുന്നു. പീപ്പിൾസ് പ്രിൻസസ് അഥവാ ജനങ്ങളുടെ രാജകുമാരിയെന്ന് അവർ സ്നേഹത്തോടെ വിശേഷിപ്പിക്കപ്പെട്ടു. 1997ൽ 36–ാം വയസ്സിൽ ഫ്രാൻസിലെ പാരിസിൽവച്ചുണ്ടായ വാഹനാപകടത്തിൽ ഡയാന മരിച്ചു.

