അധിക തീരുവ പിന്‍വലിച്ചാല്‍ മാത്രം യു.എസുമായി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ തുടരാമെന്ന നിലപാടില്‍ ഇന്ത്യ. ടെക്സ്റ്റൈല്‍ മേഖലയ്ക്കുണ്ടായ തിരിച്ചടി മറികടക്കാന്‍ പരുത്തി ഇറക്കുമതിക്കുള്ള തീരുവ ഇളവ് ഡിസംബര്‍ 31 വരെ നീട്ടി. കയറ്റുമതി മേഖലയില്‍ തീരുവയുടെ പ്രാഥമിക ആഘാതം പരിമിതമായിരിക്കും എന്നാണ് ധനമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.
അധിക തീരുവ നിലനില്‍ക്കെ യു.എസുമായി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നടത്തുന്നതില്‍ കാര്യമില്ലെന്ന നിലപാടാണ് ഇന്ത്യക്ക്. കരാര്‍ ഉണ്ടാക്കിയാല്‍ പോലും അത് കാര്യമായ ഗുണം ചെയ്യില്ല. അതേസമയം യു.എസുമായി ആശയവിനിമയം തുടരുന്നുണ്ട്. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പരുത്തിക്കുള്ള ഇറക്കുമതി തീരുവ ഡിസംബര്‍ 31 വരെ ഒഴിവാക്കുന്നതിലൂടെ വസ്ത്രനിര്‍മാണ കമ്പനികള്‍ക്ക് ഒരു പരിധിവരെയെങ്കിലും ആശ്വാസമാകും. നേരത്തെ സെപ്റ്റംബര്‍ 31 വരെ നികുതി ഒഴിവാക്കി ഉത്തരവിറങ്ങിയിരുന്നു.
യു.എസ്. തീരുവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കണം എന്ന് ഇന്നലെ പുറത്തിറങ്ങിയ ധനമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. മറ്റു വിപണികള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇതില്‍ പ്രധാനം. യൂറോപ്യന്‍ യൂണിയന്‍, ന്യൂസീലാന്‍ഡ്, ചിലെ, പെറു എന്നീ രാജ്യങ്ങളുമായി നടക്കുന്ന വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നു. യു.എസുമായി വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമോ എന്നതും നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

