Friday, December 5, 2025
HomeAmericaഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ജെഫ്രി ക്രൂസിനെ പുറത്താക്കി ട്രംപ്

ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ജെഫ്രി ക്രൂസിനെ പുറത്താക്കി ട്രംപ്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ജെഫ്രി ക്രൂസിനെ പുറത്താക്കിയെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. തന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്ന ഉദ്യോഗസ്ഥരെ തെറിപ്പിക്കുന്ന ചരിത്രമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം തുടരുന്നതെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയരുന്നുണ്ട്.

ട്രംപ് വലിയ വിജയമായി കൊട്ടിഘോഷിച്ച ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ യുഎസ് ആക്രമണത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനോട് ട്രംപിന് തോന്നിയ ഇഷ്ടക്കേടാണ് ഈ നടപടിക്ക് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇറാനിലെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ച് പദ്ധതികളെ പൂര്‍ണ്ണമായും ഇല്ലാതാക്കി എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ജെഫ്രി ക്രൂസിന്റെ റിപ്പോര്‍ട്ട്. യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതികളെ കാര്യമായി ബാധിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കുകകൂടി ചെയ്തതോടെ പ്രസിഡന്റ് കട്ട കലിപ്പിലായി.

തന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് ഇതാദ്യമായല്ല. ഈ മാസത്തില്‍ യുഎസിലെ തൊഴില്‍ വിപണിയില്‍ വളര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ തൊഴില്‍ ഡാറ്റയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു.

ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ എയര്‍ഫോഴ്‌സ് ജനറല്‍ സി.ക്യു. ബ്രൗണ്‍ ജൂനിയറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥനെയും, വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥനെയും, മൂന്ന് സൈനിക വിഭാഗങ്ങളിലെ ഉന്നത അഭിഭാഷകരെയും പുറത്താക്കിയിരുന്നു. കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കുകയും, വാക്‌സിന്‍ ലഭ്യതയെക്കുറിച്ചുള്ള പഠനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ പുറമെ, സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ലിംഗഭേദം സംബന്ധിച്ച വിവരങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും പ്രസിഡന്റ് ട്രംപും ഉന്നത സൈനിക ഉദ്യോഗസ്ഥരെ പലപ്പോഴും വ്യക്തമായ ഒരു കാരണവും നല്‍കാതെ നീക്കം ചെയ്യാറുണ്ട്. ഇപ്പോള്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ തലവനെ പുറത്താക്കിയപ്പോഴും വ്യക്തമായ കാരണം നല്‍കിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments