തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഗർഭഛിദ്രം നടത്താൻ യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ തന്റെ ജീവിതം തകരുമെന്നാണ് രാഹുൽ യുവതിയോട് പറയുന്നത്. യുവതി ഒരു നിലക്കും അതിന് സമ്മതിക്കാതെ വരുമ്പോൾ രാഹുലിന്റെ സംഭാഷണം ഭീഷണിയുടെ സ്വരത്തിലേക്ക് മാറുകയാണ്. എന്തുവന്നാലും കുഞ്ഞിനെ പ്രസവിക്കുമെന്നും സ്വന്തം നിലക്ക് അന്തസ്സായി വളർത്തുമെന്നുമാണ് യുവതി പറയുന്നത്.
അപ്പോൾ തന്റെ ജീവിതം തകരുമെന്നും തനിക്ക് യുവതിയെ കാണണമെന്നും രാഹുൽ പറയുന്നു. തന്നെ കൊല്ലാനാണോ വിളിച്ചു വരുത്തുന്നതെന്നും അതാണ് രാഹുലിന് ഏറ്റവും സേഫായ കാര്യമെന്നുമായിരുന്നു യുവതിയുടെ മറുപടി. അപ്പോഴാണ് യുവതിയെ കൊല്ലാൻ തനിക്ക് എത്ര സമയം വേണം എന്നാണ് കരുതിയിരിക്കുന്നത് എന്ന് രാഹുൽ ഭീഷണിയുടെ സ്വരത്തിൽ ചോദിക്കുന്നത്.
രാഹുൽ ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിച്ചെന്ന് വെളിപ്പെടുത്തിയ അതേ യുവതിയുടെ ഫോൺ സംഭാഷത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.രാഹുൽ യുവതിയുമായി നടത്തിയ വാട്സ് ആപ്, ടെലഗ്രാം ചാറ്റുകൾ നേരത്തേ പുറത്തുവന്നിരുന്നു. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന സംഭാഷണമാണ് ആദ്യം പുറത്തുവന്നത്. അതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഗർഭഛിദ്രത്തിന് മരുന്ന് കഴിച്ചാൽ മതിയെന്നും ഡോക്ടറെ കാണേണ്ട എന്നുമാണ് രാഹുൽ യുവതിയോട് പറയുന്നത്. എന്നാൽ ഡോക്ടറെ കാണാതെ അത്തരത്തിലുള്ള മരുന്നുകൾ കഴിക്കരുതെന്നും അങ്ങനെ മരുന്ന് കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും യുവതി രാഹുലിനോട് തിരിച്ചു ചോദിക്കുകയാണ്.
മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജ് ആണ് രാഹുലിനെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു പേരു വെളിപ്പെടുത്താതെ അവരുടെ ആരോപണം. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കുടുതൽ പേർ ആരോപണങ്ങളുമായി രംഗത്തുവന്നത്.

