Friday, December 5, 2025
HomeNewsഗാസ കടുത്ത പട്ടിണിയിൽ: ‘മനുഷ്യത്വത്തിന്റെ പരാജയം’ എന്ന് ഐക്യരാഷ്ട്രസഭ

ഗാസ കടുത്ത പട്ടിണിയിൽ: ‘മനുഷ്യത്വത്തിന്റെ പരാജയം’ എന്ന് ഐക്യരാഷ്ട്രസഭ

ഗാസ സിറ്റി : നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥിരീകരിച്ച ഭക്ഷണ ക്ഷാമത്തെ ‘മനുഷ്യത്വത്തിന്റെ പരാജയം’ എന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ഗാസയിലുള്ളത് ‘മനുഷ്യനിര്‍മിത ദുരന്തം’ ആണെന്നും ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസയിലുടനീളമുള്ള അര ദശലക്ഷത്തിലധികം ആളുകള്‍ ‘പട്ടിണി, ദാരിദ്ര്യം, മരണം’ എന്നിവയാല്‍ ദുരന്തകരമായ അവസ്ഥകള്‍ നേരിടുന്നുണ്ടെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) പറയുന്നു. പ്രദേശത്ത് പട്ടിണി ഇല്ലെന്ന് നിഷേധിച്ച ഇസ്രായേല്‍ ഈ റിപ്പോര്‍ട്ടിനെ ‘പൂര്‍ണ്ണമായ നുണ’ എന്നാണ് മുദ്രകുത്തിയത്. ഗാസയില്‍ എത്രയും വേഗം വലിയ തോതിലുള്ള ഇടപെടല്‍ ആവശ്യമാണെന്ന് ഐപിസി പറയുന്നു. ഇല്ലെങ്കില്‍ പട്ടിണി മരണങ്ങള്‍ നിയന്ത്രണാതീതമാകുമെന്നും മുന്നറിയിപ്പുണ്ട്.

ഗാസയിലേക്ക് പ്രവേശിക്കുന്ന സഹായത്തിന്റെ അളവ് ഇസ്രായേല്‍ നിയന്ത്രിക്കുന്നത് തുടരുകയാണെന്ന് യുഎന്നും, അങ്ങനെയല്ലെന്ന് പറഞ്ഞ് ഇസ്രയേലും കൊമ്പുകോര്‍ക്കുന്നുണ്ട്. നൂറിലധികം മാനുഷിക ഗ്രൂപ്പുകളും ഒന്നിലധികം യുഎന്‍ സ്ഥാപനങ്ങള്‍, യുകെ ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ നിരവധി സഖ്യകക്ഷികളും ഗാസയിലെ പട്ടിണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുമ്പോഴും ആവര്‍ത്തിച്ച് നിരസിക്കുന്ന നിലപാടാണ് ഇസ്രയേല്‍ സ്വീകരിക്കുന്നത്.

ഗാസ മുനമ്പില്‍ അടുത്ത ജൂണോടെ അഞ്ച് വയസ്സിന് താഴെയുള്ള 132,000 കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് മൂലം മരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഭക്ഷ്യക്ഷാമം മൂലം 112 കുട്ടികളുള്‍പ്പെടെ 271 പേര്‍ ഇതുവരെ മരിച്ചതായി ഗാസയിലെ പ്രാദേശിക ആരോഗ്യ അധികൃതര്‍ പറയുന്നു. ഗാസയില്‍ കുറഞ്ഞത് 20 ശതമാനം കുടുംബങ്ങളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു, 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്.

ഗാസയിലെ വിശന്നു മരിക്കുന്ന ആളുകള്‍ക്ക് ഭക്ഷണം എത്തുന്നില്ല എന്നത് അംഗീകരിക്കാനാവില്ലെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയിലെ ആരോഗ്യ ഡയറക്ടര്‍ സെയ്ത അകിഹിരോയും അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സഹായ പ്രവാഹത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments