ന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ ഒരു മാസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ഒരു സർക്കാർ ജീവനക്കാരൻ 50 മണിക്കൂർ ജയിലിലായാൽ അയാൾക്ക് ജോലി നഷ്ടമാകും. അത് ഡ്രൈവറാണെങ്കിലും ക്ലർക്കാണെങ്കിലും ജോലി പോകും. എന്നാൽ, മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും പ്രധാനമന്ത്രിക്കും ജയിലിൽ കിടന്നും ഭരിക്കാനാകുമെന്ന് മോദി പറഞ്ഞു.
ജയിലിൽ നിന്നും എങ്ങനെയാണ് ഫയലുകളിൽ ഒപ്പുവെക്കുന്നതെന്നും സർക്കാർ ഉത്തരവുകൾ നൽകുന്നതെന്നും കുറച്ചുനാൾ മുമ്പ് നമ്മൾ കണ്ടതാണ്. എൻ.ഡി.എ സർക്കാർ അഴിമതിക്കെതിരെ നിയമം കൊണ്ടുവന്നുവെന്നും മോദി പറഞ്ഞു. ആർ.ജെ.ഡിക്കെതിരെയും മോദി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ബിഹാറിനെ പിന്നാക്കാവസ്ഥയിലേക്ക് കൊണ്ട് പോകാനാണ് ആർ.ജെ.ഡി ശ്രമമെന്ന് മോദി പറഞ്ഞു.
ബിഹാറിൽ 13,000 കോടിയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി, റോഡ്, ആരോഗ്യം, നഗരവികസനം എന്നീ മേഖലകളിലെ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. എന്നാൽ, രാഹുൽ ഗാന്ധി ഉന്നയിച്ച കള്ളവോട്ട് ആരോപണങ്ങളിൽ ബിഹാറിലെ വേദിയിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഞ്ചുവർഷത്തിലധികം ശിക്ഷയുള്ള കേസുകളിൽ അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള 130ാം ഭരണഘടന ഭേദഗതി ബിൽ കനത്ത പ്രതിഷേധങ്ങൾക്കിടയിൽ ശബ്ദ വോട്ടോടെ സംയുക്ത പാർലമെൻററി സമിതിക്ക് (ജെ.പി.സി) വിട്ടിരുന്നു.
ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഭരണഘടന ഭേദഗതി ബിൽ അംഗങ്ങൾക്ക് വിതരണം ചെയ്യാതെയും പാർലമെന്റിന്റെ കാര്യോപദേശക സമിതി അറിയാതെയും അർധരാത്രി അജണ്ടയിൽ ഉൾപ്പെടുത്തി ഏകപക്ഷീയമായി കൊണ്ടുവന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷം ബിൽ അവതരണത്തിനിടെ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ബില്ലിനെ സംബന്ധിച്ച് പഠിക്കാൻ രുപീകരിച്ച സംയുക്ത പാർലമെന്ററി സമിതിയിലേക്ക് അംഗങ്ങളെ അയക്കണോയെന്ന കാര്യത്തിൽ ഇൻഡ്യ സഖ്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

