കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ സംഘം.
ഗോവിന്ദച്ചാമിയുടെ തയ്യാറെടുപ്പുകള്‍ ഒന്നും ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലായെന്നത് അത്ഭുതമാണെന്നും അന്വേഷണ സംഘം പറഞ്ഞു.ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതിയിലെ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ആണ് ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടിയത്.
ഗോവിന്ദച്ചാമി ജയില്‍ ചാട്ടത്തിനായി ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് നടത്തിയത് ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കണ്ടെത്താനായില്ലെന്നും സെല്ലിന്റെ കമ്ബി മുറിക്കാന്‍ ഉപയോഗിച്ച ആയുധം എതാണെന്നതില്‍ അവ്യക്ത നിലനില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സെല്ലിന്റെ കമ്പികൾ മുറിക്കാന്‍ ഉപയോഗിച്ചെന്ന് പറയുന്ന പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുക എളുപ്പമല്ലെന്നും കാലപഴക്കം ചെന്ന സെല്ലുകള്‍ ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നും പലയിടങ്ങളിലും ജയില്‍ ചുറ്റുമതില്‍ തകര്‍ച്ച ഭീഷണിയിലാന് എന്നും ഇത്തരം വിഷയങ്ങള്‍ ഒന്നും ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലായെന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

