ന്യൂഡല്‍ഹി: ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായാല്‍ തിരിച്ചാക്രമിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ഇറാനില്‍ ഇസ്രായേലിന് എത്തിപ്പെടാനാകാത്ത ഒരിടവുമില്ലെന്നും യുഎന്നില്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
‘ടെഹ്റാനിലെ സ്വേച്ഛാധിപതികള്‍ക്ക് എനിക്ക് ഒരു സന്ദേശമുണ്ട്. നിങ്ങള്‍ ഞങ്ങളെ ആക്രമിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ ആക്രമിക്കും, ഇസ്രായേലിന്റെ നീണ്ട കൈക്ക് എത്താന്‍ കഴിയാത്ത ഒരു സ്ഥലവും ഇറാനിലില്ല, അത് മുഴുവന്‍ മിഡില്‍ ഈസ്റ്റിന്റെ കാര്യത്തിലും സത്യമാണ്’ നെതന്യാഹു യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കിയതിങ്ങനെ. ഈ വേദിയിലെ പ്രസംഗിച്ച പലരും എന്റെ രാജ്യത്തിനെതിരെ ഉന്നയിച്ച നുണകളും അപവാദങ്ങളും കേട്ടതിന് ശേഷം, ഇവിടെ വന്ന് ഇവിടെ വന്ന് യാഥാര്‍ഥ്യം എന്തെന്ന് പറയാന്‍ ഞാന്‍ തീരുമാനിച്ചു, എന്നാണ് യുഎന്നിലെ പ്രസംഗത്തിന്റെ തുടക്കത്തില്‍ നെതന്യാഹു പറഞ്ഞത്.
അതേസമയം, അദ്ദേഹത്തിന്റെ പ്രസംഗത്തിന് മുന്നോടിയായി, ഗാസയിലെയും ലെബനനിലെയും അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ന്യൂയോര്‍ക്കിലെ നെതന്യാഹുവിന്റെ ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയിരുന്നു.