നെബ്രാസ്ക : മനുഷ്യക്കടത്ത്, വീസ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ വംശജരായ അഞ്ച് പേരെ നെബ്രാസ്കയിൽ അറസ്റ്റ് ചെയ്തു. 565,000 ഡോളർ അതായത് ഏകദേശം അഞ്ചു കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് ഇവർ നടത്തിയിരുന്നതായി കണ്ടെത്തി. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്
അമിത് പ്രഹ്ലാദ്ഭായ് (അമിത്) ചൗധരി (32), അമിത് ബാബുഭായ് (മാറ്റ്) ചൗധരി (33), മഹേഷ് കുമാർ (മഹേഷ്) ചൗധരി (38), രശ്മി അജിത്ത് (ഫാൽഗുനി) സമാനി (42), കെന്തകുമാർ (കെൻ) ചൗധരി (36) എന്നിവരാണ് പിടിയിലായതെന്ന് നെബ്രാസ്കയിലെ യുഎസ് അറ്റോർണിയുടെ ഓഫിസ് അറിയിച്ചു. ഹോട്ടലുകളിൽ നിന്ന് നിയമവിരുദ്ധമായ വരുമാനം പ്രതികൾക്ക് ലഭിച്ചിരുന്നു. ഇവരുടെ കയ്യിൽ നിന്ന് 565,000 ഡോളറിന്റെ കള്ളപ്പണം കണ്ടെടുത്തിട്ടുണ്ട്. നെബ്രാസ്ക സംസ്ഥാനത്ത് വിവിധ ഹോട്ടലുകൾ നടത്തിയിരുന്ന പ്രതികൾ ഇവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും യുഎസ് അറ്റോർണിയുടെ ഓഫിസ് കൂട്ടിച്ചേർത്തു.

