Friday, December 5, 2025
HomeNewsപാക്കിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേർക്ക് ദാരുണാന്ത്യം, നിരവധി പേരെ കാണാതായി

പാക്കിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേർക്ക് ദാരുണാന്ത്യം, നിരവധി പേരെ കാണാതായി

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽ മിന്നല്‍ പ്രളയത്തില്‍ 243 പേർ മരിച്ചു. നിരവധി പേരെ കാണാതായി. വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുണർ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ മാത്രം 157 പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ബുണെറിൽ രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുന്നു. മണ്ണിലും ചെളിയിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്നും രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.

മിന്നൽ പ്രളയത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഒറ്റപ്പെട്ട ഇടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. മന്‍സെഹ്ര ജില്ലയിലെ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന രണ്ടായിരത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. സിറാന്‍ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ഗ്ലേഷ്യൽ തടാകത്തിന്റെ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുരന്ത മേഖലയായ ബജൗറിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമായി പോയ ഹെലികോപ്റ്റർ തകര്‍ന്നുവീണ് 2 പൈലറ്റുമാർ ഉൾപ്പെടെ 5 പേർ മരിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്നാണ് അപകടം. ദുരന്തമേഖലയിൽ പാക് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ മോശം കാലാവസ്ഥയും ദുർഘടമായ പ്രദേശങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments