കുവൈത്ത് സിറ്റി : കേരളത്തിലെ പ്രവാസി കുടുംബങ്ങളിലടക്കം ഇനിയും ഞെട്ടല്‍ വിട്ടുമാറാതെ കുവൈത്ത് വിഷമദ്യ ദുരന്തം. ഇതുവരെ മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു. മരിച്ചവരില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ദുരന്തത്തെ തുടര്‍ന്നു രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 6 മലയാളികള്‍ മരിച്ചെന്നാണു സൂചനകള്‍ പുറത്തുവരുന്നത്. എങ്കിലും കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.ഇതുവരെ 160 പേരാണ് ചികിത്സ തേടിയത്. ഇതില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 51 പേരുടെ വൃക്ക തകരാറിലായി. ഇവര്‍ക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. കൂടാതെ 31 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നത്. 21 പേര്‍ക്കു കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
മദ്യനിരോധനമുള്ള കുവൈത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്.
കുവൈത്ത് മദ്യ ദുരന്തത്തില്‍ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശിയായ പൊങ്കാരൻ സച്ചിന്റെ (31) മൃതദേഹം രാവിലെ ഏഴരക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്ന് ഇരിണാവ് സി.ആർ.സി ഗ്രന്ഥാലയത്തിന് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയി.വ്യാഴാഴ്ച വൈകീട്ടോടെയാണ് മദ്യ ദുരന്തത്തില്‍ സച്ചിനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.
വ്യാജ മദ്യദുരന്തവുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്ത് വന്ന ബുധനാഴ്ച്ച വൈകീട്ട് സച്ചിൻ അര മണിക്കൂറോളം അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. വിഷമദ്യ ദുരന്തത്തെ കുറിച്ചും പറഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. പക്ഷെ അപ്പോഴൊന്നും താൻ മദ്യം കുടിച്ചിരുന്നതായി സൂചന നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. ഇവിടെയും സന്നദ്ധ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. ഏതാനും മാസം മുൻപാണു നാട്ടില്‍ വന്നു മടങ്ങിയത്.പൊങ്കാരൻ മോഹനന്റെയും ഗിരിജയുടേയും മകനാണ് സച്ചിൻ. ഭാര്യ: ഷബിന. മകള്‍: സിയ.

