Friday, December 5, 2025
HomeGulfകുവൈറ്റ് മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി: മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായി സൂചന

കുവൈറ്റ് മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി: മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായി സൂചന

കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. വ്യാഴാഴ്ച വരെ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 160 ആയി ഉയർന്നതായും കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലായിരുന്നു.

ആശുപത്രിയിലുള്ള പലർക്കും അപകട തീവ്രത കാരണം വെന്റിലേറ്ററുകളും അടിയന്തര വൃക്ക ഡയാലിസിസും ആവശ്യമായി വന്നു. മരിച്ചവരെല്ലാം ഏഷ്യൻ സ്വദേശികളാണ്. കുവൈത്ത് വിഷ നിയന്ത്രണ കേന്ദ്രവുമായി ഏകോപിപ്പിച്ച് എല്ലാ കേസുകളും 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിഷബാധയേറ്റതായി സംശയിക്കുന്ന കേസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹോട്ട്‌ലൈനുകളിലൂടെയോ, നേരിട്ടോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ദ്രുത ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ദുരന്തത്തിൽ മരിച്ചവർ ആരൊക്കെയെന്ന പൂർണ വിവരം അധികൃതർ പുറത്തുവിട്ടില്ല. ആശുപത്രിയിൽ കഴിയുന്നവർ ആരെന്നും വ്യക്തമല്ല. മരിച്ചവരിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഉണ്ടെന്നാണ് സൂചന. ഇതിൽ ചിലരുടെ മൃതദേഹങ്ങൾ നാട്ടിൽ അയക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ 40ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി ബുധനാഴ്ച അറിയിച്ചിരുന്നു. ഇതിൽ ചിലർ അത്യാഹിത നിലയിലാണ്. ഇവരുടെയും വിവരങ്ങൾ ലഭ്യമല്ല. വിവരങ്ങൾ അറിയുന്നതിനായി എംബസി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക് ‪+965-65501587‬ നമ്പറിൽ വാട്സ് ആപ്പിലും റഗുലർ കോളിലും ബന്ധപ്പെടാം. വിഷയത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപത്രികളുമായും എംബസി എകോപനം നടത്തിവരികയാണ്. ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ 63 ആൽക്കഹോൾ വിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായും ഇതിൽ 13 പേർ മരിച്ചതായും ബുധനാഴ്ച കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം 23 ആയി വർധിച്ചു.

ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർധനയുണ്ടായി. ചികിത്സയിൽ ഉള്ളവരിൽ നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments