ന്യൂഡൽഹി : റഷ്യൻ എണ്ണ വാങ്ങുന്നതിനെ തുടർന്ന് അധിക തീരുവ അടിച്ചേൽപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വഴങ്ങാതെ ഇന്ത്യ. താരിഫിൽ വർധന വരുത്തിയിട്ടും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ അർവിന്ദർ സിങ് സാഹ്നി പറഞ്ഞു. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിന് പിന്നിൽ ഒറ്റ കാരണം മാത്രമേ ഉള്ളുവെന്നും അത് വിപണിയിലെ വില അടിസ്ഥാനമാക്കി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാൻ ഉദ്ദേശിക്കുന്നതായും രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെയർമാൻ വെളിപ്പെടുത്തി.
“റഷ്യൻ എണ്ണ വാങ്ങലിൽ ഒരു താൽക്കാലിക തടസ്സവുമില്ല, സാമ്പത്തിക പരിഗണനകളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ വാങ്ങുന്നത്. റഷ്യൻ എണ്ണയുടെ ഇറക്കുമതി അളവ് കൂട്ടാനോ കുറയ്ക്കാനോ ശ്രമങ്ങൾ നടത്തുന്നില്ല” എ.എസ്. സാഹ്നി പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങാതിരിക്കാൻ പ്രത്യേകിച്ച് ഉപരോധങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാരിൽനിന്ന് ഇറക്കുമതി സംബന്ധിച്ച് നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണങ്ങളാല്‍ പതിവുപോലെ തങ്ങൾ ബിസിനസ് തുടരുന്നു. അതേസമയം താരിഫ് വിഷയത്തിൽ അമേരിക്കയെ തണുപ്പിക്കാനായി അവിടെനിന്ന് കൂടുതൽ എണ്ണ വാങ്ങാനും തങ്ങൾക്കുമേൽ നിർദ്ദേശമില്ലെന്നും എ.എസ്. സാഹ്നി കൂട്ടിച്ചേർത്തു.

