കുവൈത്ത് സിറ്റി: ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ആസ്‌ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്തു കുവൈത്ത്. ആസ്‌ട്രേലിയയുടെ തീരുമാനത്തെയും, അത് പിന്തുടരാനുള്ള ന്യൂസിലാൻഡിന്റെ ഉദ്ദേശ്യത്തെയും സ്വാഗതം ചെയ്യുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയങ്ങളെയും അറബ് സമാധാന സംരംഭത്തെയും പിന്തുണക്കുന്നതാണ് ഇരുരാജ്യങ്ങളുടെയും നടപടി. 1867ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും സ്വയം നിർണ്ണയാവകാശവും നേടുന്നതിന് ഫലസ്തീൻ ജനതയെ ഇത്തരം തീരുമാനങ്ങൾ സഹായിക്കും. മറ്റു രാജ്യങ്ങളും സമാനമായ നടപടികൾ സ്വീകരിക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉണർത്തി.
അടുത്ത മാസം നടക്കുന്ന ഐക്യരാഷ്ട്രസഭ യോഗത്തിൽ കാനഡ, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങൾ ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ആസ്‌ട്രേലിയയുടെ പ്രഖ്യാപനം. ഫലസ്തീൻ രാഷ്ട്ര പദവി അംഗീകാരം നൽകുന്ന കാര്യത്തിൽ ന്യൂസിലാൻഡ് മന്ത്രിസഭ സെപ്റ്റംബറിൽ ഔദ്യോഗിക തീരുമാനം എടുക്കും.

