കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിനെ തുടർന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ 63 പേർ ചികിത്സ തേടി. ഇതിൽ 13 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇരകളെല്ലാം ഏഷ്യൻ പൗരന്മാരാണ്.
നിരവധി പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. 31 കേസുകളിൽ സി.പി.ആർ ചികിത്സ നൽകി. 51 പേർ അടിയന്തര ഡയാലിസിസിന് വിധേയരായി. 21 പേർക്ക് സ്ഥിരമായോ താൽക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിൽ അറിയിച്ചു. വിഷയത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പുകളും തമ്മിൽ ഏകോപനം തുടരുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ,രാജ്യം എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

