ജനീവ : സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. 64 വയസ്സുള്ള അമേരിക്കൻ വനിതയാണ് ജീവനൊടുക്കുന്നതിന് സൂയിസൈഡ് പോഡ് തിരഞ്ഞെടുത്തത്. സ്വിറ്റ്‌സർലൻഡിലെ ‘മരങ്ങളുടെ ഇടയിലാണ്’ സാർക്കോ സൂയിസൈഡ് പോഡ് സ്ഥാപിച്ചിരുന്നത്. ലോകത്ത് ആദ്യമായിട്ടാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരാൾ മരണം കൈവരിക്കുന്നത്.
ആത്മഹത്യയ്ക്ക് പ്രേരണയും അനുബന്ധ സഹായവും നൽകിയതായി സംശയിക്കുന്ന നിരവധി പേരെ വടക്കൻ സ്വിറ്റ്സർലൻഡിലെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സാർക്കോ സൂയിസൈഡ് പോഡ് നിർമിച്ചിരിക്കുന്നത് ‘ലാസ്റ്റ് റിസോർട്ട്’ എന്ന സ്ഥാപനമാണ്. സാർക്കോ സൂയിസൈഡ് പോഡ് ഉപകരണം പൊലീസ് കസ്റ്റഡിയിലെടുത്തു.
‘ലാസ്റ്റ് റിസോർട്ട്’ അറിയിച്ചിരിക്കുന്നത് അനുസരിച്ച് സാർക്കോ സൂയിസൈഡ് പോഡിന്‍റെ രൂപകൽപ്പന നൈട്രജൻ വാതകം സീൽ ചെയ്ത അറയിലേക്ക് കുത്തിവയ്ക്കുന്ന ഒരു ബട്ടൺ അമർത്താൻ ആത്മഹത്യ ചെയ്യുന്ന വ്യക്തിയെ അനുവദിക്കുന്ന തരത്തിലാണ്. ആ വ്യക്തി പിന്നീട് ഉറങ്ങുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുകയും ചെയ്യും.
സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ചുള്ള മരണം തിങ്കളാഴ്ച മെറിഷൗസണിലെ ഒരു വുഡ്‌ലാൻഡ് ക്യാബിന് സമീപം നടന്നതായി ഒരു നിയമ സ്ഥാപനം ഷാഫ്‌ഹൗസൻ കൻന്‍റോണിലെ പ്രോസിക്യൂട്ടർമാരെ അറിയിച്ചതായി പൊലീസ് പറഞ്ഞു. ‘കടുത്ത വേദന അനുഭവപ്പെടുന്ന ഗുരുതരമായ അസുഖം’ ഉണ്ടായിരുന്ന സ്ത്രീയാണ് സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഇവർ രണ്ട് വർഷത്തിലധികമായി ജീവനൊടുക്കാൻ ആഗ്രഹിച്ചിരുന്നു.