Monday, December 23, 2024
HomeNewsമാതാ അമൃതാനന്ദമയിയുടെ ജന്മദിനം ഇന്ന് : വയനാട് പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും

മാതാ അമൃതാനന്ദമയിയുടെ ജന്മദിനം ഇന്ന് : വയനാട് പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും

അമൃതപുരി ( കൊല്ലം) : മാതാ അമൃതാനന്ദമയിയുടെ 71–ാം ജന്മദിനത്തിൽ വയനാട്ടിലെ ദുരന്ത മേഖലയ്ക്ക് സാങ്കേതിക–പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും. ഇന്നു നടക്കേണ്ട ആഘോഷങ്ങൾ ഒഴിവാക്കിയാണ് പുനരധിവാസ സഹായം നൽകുന്നതെന്ന് മഠം ഉപാധ്യക്ഷൻ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു. അമൃത സർവകലാശാലയുടെ സഹായത്തോടെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. അമ്മയുടെ നിർദേശാനുസരണം വയനാട്ടിലെ മേപ്പാടി, പൊഴുതന, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിൽ അമൃത സർവകലാശാലയിലെ വിദഗ്ധ സംഘം പഠനം നടത്തിയിരുന്നു. ഇനിയും വയനാട്ടിലെ പത്തോളം സ്ഥലങ്ങളിൽ വിദഗ്ധ പഠനം നടത്തും. തുടർന്ന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കും.

അമൃത സർവകലാശാലയിലെ ഗവേഷണങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയതാണ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം. നിലവിൽ മൂന്നാറിലും സിക്കിം, വടക്ക്–കിഴക്കൻ ഹിമാലയ പർവത മേഖലകളിലും ഇതു സ്ഥാപിച്ചിട്ടുണ്ടെന്ന് അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്‌സ് ആൻഡ് ആപ്ലിക്കേഷൻ ഡയറക്ടറും പ്രോവോസ്റ്റുമായ ഡോ. മനീഷ വി. രമേഷ് പറഞ്ഞു. 2009ൽ മൂന്നാറിൽ സ്ഥാപിച്ച സംവിധാനത്തിൽ നിന്നു ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപ് അവിടെയുണ്ടായ ഉരുൾപൊട്ടലിൽ നിന്ന് ഒട്ടേറെപ്പേരെ രക്ഷപെടുത്താൻ സാധിച്ചിരുന്നു.

മാതാ അമൃതാന്ദമയിയുടെ 71–ാം ജന്മദിന ആഘോഷ ചടങ്ങുകൾ അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളിൽ ഇന്നു പുലർച്ചെ ഗണപതിഹോമത്തോടെ തുടങ്ങി കഴിഞ്ഞു. തുടർന്ന് ലളിതാ സഹസ്രനാമാർച്ചന. മഠം ഉപാധ്യക്ഷൻ സ്വാമി അമൃത സ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തിൽ സത്സംഗം, പ്രഭാഷണം, ഗുരുപാദ പൂജ എന്നിവ നടക്കും. ഒൻപതിന് മാതാ അമൃതാന്ദമയി ദർശനം നൽകും. ജന്മദിന സന്ദേശത്തെ തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും സമൂഹ വിവാഹവും നടക്കും. അമൃതകീർത്തി പുരസ്കാരം പ്രഫ. വി.മധുസൂദനൻ നായർക്ക് സമ്മാനിക്കും. ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ആയിരക്കണക്കിനു ഭക്തർ എത്തിച്ചേരുമെന്നാണു പ്രതീക്ഷയെന്ന് സ്വാമി അമൃത സ്വരൂപാനന്ദ പുരി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments