ന്യൂഡൽഹി: ഓഗസ്റ്റ് 15ന് യുഎസിലെ അലാസ്കയിൽ നടക്കാനിരിക്കുന്ന പുട്ടിൻ – ട്രംപ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ വഴിത്തിരിവായിരിക്കും ഉച്ചകോടിയെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഉച്ചകോടിയെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
‘‘2025 ഓഗസ്റ്റ് 15ന് അലാസ്കയിൽ വച്ച് റഷ്യയും യുഎസും കൂടിക്കാഴ്ച നടത്താൻ ധാരണയിലെത്തിയതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. യുക്രെയ്നിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനും കൂടിക്കാഴ്ച വഴിതെളിയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപ് പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്റെ യുഗമല്ല.’’ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
റഷ്യയുടെ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയിനെതിരായ റഷ്യൻ നിലപാടിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 50% തീരുവ ചുമത്തിയത്. കഴിഞ്ഞദിവസം യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ എത്തി പുട്ടിനെ സന്ദർശിച്ചതിന് ശേഷമാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് റഷ്യ സമ്മതം അറിയിച്ചത്. സന്ദർശന വേളയിൽ, വിറ്റ്കോഫ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെയും ഉച്ചകോടിയിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും റഷ്യ ഇതിന് തയാറായിട്ടില്ല.

