Thursday, October 9, 2025
HomeIndiaട്രംപിന്റെ വെല്ലുവിളി നേരിടാൻ ഉറച്ച് ഇന്ത്യൻ നീക്കം: പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചേക്കാനും സാധ്യത

ട്രംപിന്റെ വെല്ലുവിളി നേരിടാൻ ഉറച്ച് ഇന്ത്യൻ നീക്കം: പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചേക്കാനും സാധ്യത

ദില്ലി: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളി നേരിടാൻ ഉറച്ച് ഇന്ത്യയുടെ നീക്കം. അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നത്. മറ്റേതെങ്കിലും രാജ്യവും അമേരിക്കയുമായുള്ള വ്യാപാര ബന്ധവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യം ട്രംപിനില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം ഇന്ത്യ റദ്ദാക്കി.

മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള പ്രതിരോധ മന്ത്രിയുടെ സന്ദർശനമാണ് ഇന്ത്യ റദ്ദാക്കിയത്. അമേരിക്കയുമായുള്ള ചില പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. തീരുവയിൽ രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നടപടി മാത്രമേ കൈക്കൊള്ളു എന്നും സ്ഥിതി സംയമനത്തോടെ കൈകാര്യം ചെയ്യുമെന്നും കേന്ദ്രം വിവരിച്ചിട്ടുണ്ട്.

റഷ്യയുമായി ഇന്ത്യക്ക് പരമ്പരാഗതമായ ബന്ധമുണ്ട്. ഒരുപാട് വ‌ർഷങ്ങൾ നീണ്ട വ്യാപാര ബന്ധമാണിത്. എണ്ണയും ആയുധങ്ങളുമെല്ലാം കാലങ്ങളായി റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിന്‍റെ പക്കലുള്ള നിരവധി ആയുധങ്ങൾ, മുങ്ങിക്കപ്പലുകൾ തുടങ്ങിയവയെല്ലാം റഷ്യയിൽ നിന്ന് വാങ്ങിയവയാണ്. റഷ്യയുമായുള്ള ആയുധ കരാറും വ്യാപാര ബന്ധവും അതുകൊണ്ട് തന്നെ ഇന്ത്യ തുടരും. ഡോണൾഡ് ട്രംപ് എന്തുപറഞ്ഞാലും റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തിവയ്ക്കില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

പക്ഷേ പരസ്യമായി വെല്ലുവിളിച്ച് ഒരു ഏറ്റുമുട്ടലിലേക്ക് പോകാൻ ഇന്ത്യ താത്പര്യപ്പെടുന്നുമില്ല. മന്ത്രിമാരടക്കമുള്ളവർക്ക് കേന്ദ്ര സർക്കാർ ഈ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പരസ്യ വാഗ്വാദം ഇക്കാര്യത്തിൽ അമേരിക്കയുമായി വേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. അമേരിക്കയുമായി പരസ്യ ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുമ്പോഴും ബ്രിക്സ് രാജ്യങ്ങളുമായി ചേർന്ന് പോകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ബ്രസിൽ പ്രസിഡന്‍റുമായി ഇന്നലെ രാത്രി ഒരു മണിക്കൂറിലേറെ പ്രധാനമന്ത്രി മോദി ചർച്ച നടത്തിയിരുന്നു. ഈ സംഭാഷണത്തിൽ ബ്രിക്സുമായി ചേർന്ന് നിൽക്കുമെന്നാണ് ഇന്ത്യ ഉറപ്പ് നൽകിയത്. ഇന്ന് ചൈനയും ഇന്ത്യക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനെല്ലാം പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുന്നത്. ഇതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം ഇന്ത്യ റദ്ദാക്കി. പ്രതിരോധ മന്ത്രിയെ വരുന്ന ആഴ്ച യു എസിലേക്ക് അയക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള സന്ദർശനമായിരുന്നു പ്രതിരോധ മന്ത്രിയുടേത്. മോദിയുടെ സന്ദർശന വേളയിൽ ധാരണയിലെത്തിയിരുന്ന ആയുധ കരാരുകളിലടക്കം ഒപ്പു വയ്ക്കാനും അവ പ്രഖ്യാപിക്കാനുമായിരുന്നു രാജ്നാഥിന്‍റെ യാത്ര. എന്നാൽ ഇതെല്ലാം തത്കാലത്തേക്ക് മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. അമേരിക്കയുമായുള്ള ചില പ്രതിരോധ ഇടപാടുകൾ തല്ക്കാലം ഇന്ത്യ നിറുത്തിവയ്ക്കും എന്നും റിപ്പോർട്ടുകളുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments