ടെല്‍ അവീവ്: ഗാസ മുനമ്പിന്റെ വടക്കൻ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പദ്ധതിക്ക് ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം.
ഗാസയില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികള്‍ക്കും ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇസ്രായേല്‍ സൈന്യം ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറാകുമെന്നും യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം നല്‍കുമെന്നും ഏറ്റെടുക്കല്‍ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി.
ഗാസയുടെ പൂർണ സൈനിക നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായേല്‍ ഉദ്ദേശിക്കുന്നതായി നെതന്യാഹു ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസ ഭരിക്കാൻ ഉദ്ദേശമില്ലെന്നും സുരക്ഷാ മേഖലയാണ് ലക്ഷ്യമെന്നുമായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. ഗാസയ്ക്കെതിരായ ആക്രമണം ശക്തമാകുന്നതില്‍ ഇസ്രായേലിനകത്തും രാജ്യാന്തര തലത്തിലും വിമർശനം ഉയരുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം ഉണ്ടായത്.
അതേസമയം ഗാസയില്‍ സൈനിക നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇസ്രായേല്‍ നീക്കത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു.”ഞങ്ങള്‍ ഗാസ ഭരിക്കാൻ ആഗ്രഹിക്കുന്നില്ല. സുരക്ഷാ മേഖലയാണ് ഞങ്ങളുടെ ലക്ഷ്യം, സ്ഥിരമായ നിയന്ത്രണമല്ല”- നെതന്യാഹു ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. യുദ്ധത്തിനു ശേഷം ഗാസയെ അറബ് രാജ്യങ്ങള്‍ക്ക് കൈമാറാൻ ഇസ്രായേല്‍ ആഗ്രഹിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഹമാസിനെ പരാജയപ്പെടുത്തുകയും ബന്ദികളെ രക്ഷിക്കുകയുമാണ് ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ അറബ് രാജ്യങ്ങള്‍ക്കാണ് കൈമാറുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികള്‍ ഇസ്രായേല്‍ മുന്നോട്ടുവെച്ചു. ഹമാസിനെ നിരായുധീകരിക്കുക, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുക, ഗാസയുടെ സൈനികവല്‍ക്കരണം ഇല്ലാതാക്കുക, ഇസ്രായേല്‍ സുരക്ഷാ നിയന്ത്രണം ഉറപ്പാക്കുക, ഹമാസോ അതോറിറ്റിയോ ഇല്ലാത്ത ഒരു ഭരണകൂടം സ്ഥാപിക്കുക എന്നിവയാണ് ഉപാധികള്‍. യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഏകദേശം 50 ബന്ദികള്‍ ഗാസയില്‍ ഉണ്ടെന്നും 20 പേർ ജീവനോടെയുണ്ടെന്നുമാണ് കണക്കാക്കുന്നത്.
നിലവില്‍ ഗാസയുടെ 75 ശതമാനം ഭാഗവും ഇസ്രായേല്‍ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണെന്നാണ് അവകാശവാദം. നെതന്യാഹുവിൻ്റെ പദ്ധതിയോട് അറബ് രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. പലസ്തീൻകാർ അംഗീകരിക്കുന്ന കാര്യങ്ങളെ അറബ് രാജ്യങ്ങള്‍ പിന്തുണയ്ക്കുകയുള്ളൂ എന്നാണ് ജോർദാൻ അധികൃതരുടെ പ്രതികരണം. ഇസ്രായേലിനൊപ്പം ഗാസ ഭരിക്കാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയെയും അധിനിവേശ ശക്തിയായി കണക്കാക്കുമെന്ന് ഹമാസിൻ്റെ മുന്നറിയിപ്പുണ്ട്.

